ഗീബല്‍സ്‌ ആണോ ശരി?

Friday 13 July 2012 10:06 pm IST

കാറല്‍ മാര്‍ക്സും അഡോള്‍ഫ്‌ ഹിറ്റ്ലറും മുഖവുര വേണ്ടാത്ത രണ്ടു പേരുകളാണ്‌. ഒന്ന്‌ സുപ്രസിദ്ധമാണെങ്കില്‍ മറ്റേത്‌ കുപ്രസിദ്ധമാണെന്നു പറയാം. ഏറ്റവും ഹീനനായ ഏകാധിപതി ഹിറ്റ്ലറും താത്ത്വികാചാര്യന്‍ കാറല്‍ മാര്‍ക്സും ഒരേ നാട്ടുകാരാണ്‌, ജര്‍മനിക്കാര്‍. ഒരാള്‍ ജൂതനെങ്കില്‍ മറ്റൊരാള്‍ യഹൂദന്മാരെ ഉന്മൂലനം ചെയ്യാനുള്ള ജന്മം. പന്ത്രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഹിറ്റ്ലര്‍ കൊന്നു തള്ളിയ മൃതദേഹങ്ങളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താന്‍ ഇരിക്കുന്നതേയുള്ളൂ. ഒറ്റ ദിവസം 56,545 പേരെ ഹിറ്റ്ലര്‍ കൊന്നതായി ചരിത്രം പറയുന്നു. ഓഷ്വിറ്റ്സ്‌ ക്യാമ്പില്‍ മാത്രം 30 ലക്ഷം പേരെയാണ്‌ രാസവാതകം പ്രയോഗിച്ച്‌ ഹിറ്റ്ലര്‍ കൊന്നത്‌. 1944 മെയ്‌ 14നും ജൂലൈ 8നും ഇടയില്‍ 48 ട്രെയിനുകളിലായി 4,37,402 ഹംഗേറിയന്‍ യഹൂദന്മാരെ ക്യാമ്പില്‍ കൊണ്ടു വന്ന്‌ കാലപുരിക്കയച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. ഓഷ്വിറ്റ്സ്‌ ക്യാമ്പ്‌ അറിയപ്പെട്ടിരുന്നതു തന്നെ "നരകവാതില്‍" എന്നായിരുന്നു. അവസാനം ഹിറ്റ്ലറുടെ മരണം സ്വയം നിറയൊഴിച്ചായിരുന്നു.
ഹിറ്റ്ലറുടെ മന്ത്രിസഭയിലെ പ്രചരണ വിഭാഗം മന്ത്രിയായിരുന്നു ഗീബല്‍സ്‌. ഹിറ്റ്ലര്‍ എന്നതിനൊപ്പം ചരിത്രം ചേര്‍ത്തു വായിക്കുന്ന പേരാണ്‌ ജോസഫ്‌ ഗീബല്‍സ്‌. നുണ പറച്ചിലിനെ രാഷ്ട്രീയകലയാക്കി വികസിപ്പിച്ച ഗീബല്‍സ്‌ ഹിറ്റ്ലറിനെ കൈവിടാതെ എന്നും നന്ദിയോടെ കൂടെ നിന്നു. "എന്റെ ഹിറ്റ്ലര്‍" എന്ന ശീര്‍ഷകത്തിലുള്ള പ്രസംഗങ്ങളും കുറിപ്പുകളും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ വെളിവാക്കുന്നവയാണ്‌. നാസിസത്തിന്റെ തുടക്കത്തിനും വളര്‍ച്ചയ്ക്കും ഈ തന്ത്രങ്ങള്‍ എത്രത്തോളം പങ്കുവഹിച്ചിരുന്നുവെന്നും ഈ കുറിപ്പുകള്‍ എടുത്തുകാട്ടുന്നു.
"പറയുകയാണെങ്കില്‍ പെരുംനുണകള്‍ തന്നെ പറയണമെന്നും അവ എഴുതുകയല്ല ഉച്ചരിക്കപ്പെടുക തന്നെ വേണമെന്നു"മായിരുന്നു ഹിറ്റ്ലറിന്റെ വിശ്വാസം. വലിയ നുണകളെ പ്രസംഗത്തിലൂടെ യാതൊരു ഭാവഭേദവുമില്ലാതെ പൊലിപ്പിച്ചെടുത്തതില്‍ മറ്റാരെക്കാളും മുന്നിലായിരുന്നു ഹിറ്റ്ലറിന്റെ ശിഷ്യനായിരുന്ന ഗീബല്‍സ്‌. ഹിറ്റ്ലറിന്റെ അക്രമപരമ്പരകളെ മയപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ ഗീബല്‍സിന്റെ നുണകള്‍ വിജയിച്ചു. സ്വന്തം നേതാവിന്റെ യശസ്‌ ഉയര്‍ത്തുന്നതിനായി ജന്മദിനങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന പ്രസംഗങ്ങള്‍ സ്തുതിഗീതങ്ങളുടെ ഉത്തമ ഉദാഹരണമായിരുന്നു.
ചെറുപ്പത്തിലെ പോളിയോ തളര്‍ത്തിയ കാലുകളുമായി നീണ്ട അലച്ചിലുകള്‍ക്കു ശേഷമാണ്‌ ഗീബല്‍സ്‌ തന്റേതായ സ്ഥാനം നേടിയെടുത്തതെന്ന്‌ ജീവിതരേഖ സാക്ഷ്യപ്പെടുത്തുന്നു. ശാരീരികമായ തന്റെ പോരായ്മകളെ ആശയ സമ്പുഷ്ടതയും രാഷ്ട്രീയ ഉത്പതിഷ്ണുതയും കൊണ്ടാണ്‌ ഗീബല്‍സ്‌ മറികടന്നത്‌. മാത്രമല്ല ആഴത്തിലുള്ളതും ശക്തവുമായ ശബ്ദവും ഉത്സാഹപൂര്‍ണമായ വാക്ചാതുരിയും മൂലം നല്ലൊരു പ്രഭാഷകനാകാനും കഴിഞ്ഞു. ഹിറ്റ്ലറിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രവും രാഷ്ട്രീയ അടിത്തറയുമാക്കാന്‍ ഗീബല്‍സ്‌ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.
1933 മുതല്‍ ഹിറ്റ്ലറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയിരുന്ന പ്രസംഗങ്ങള്‍ ആണ്‌ പ്രഭാഷണങ്ങള്‍ എന്നതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. പുകഴ്ത്തുകയല്ല താന്‍ ഉദ്ദേശിക്കുന്നതെന്ന മുഖവുരയോടെ തുടങ്ങി ഹിറ്റ്ലറിനെ വാനോളം പ്രശംസിക്കുകയാണ്‌ ഓരോ പ്രസംഗത്തിലും ചെയ്യുന്നത്‌. ആവേശം കൊള്ളിക്കുന്ന വാക്ചാതുരിയോടെ മുന്നേറി അദ്ദേഹം നമുക്ക്‌ എന്താണോ അങ്ങനെ തന്നെയായി ഇനിയും തുടരട്ടെ എന്നു പറഞ്ഞാണ്‌ അവസാനിപ്പിക്കുന്നത്‌. ചരിത്രം കുടിലതയുടെ മൂര്‍ത്തിമദ്ഭാവമായി ഗീബല്‍സിനെ വിധിയെഴുതുമ്പോഴും ജൂതന്‍മാരെ ജര്‍മനിയില്‍ നിന്ന്‌ പുകച്ചു പുറത്തു ചാടിക്കുന്നതില്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ വന്‍വിജയമായിരുന്നുവെന്ന്‌ പറയാതെ വയ്യ. ഹിറ്റ്ലറിന്റെ മരണശേഷം തന്റെ ആറുമക്കളെയും വിഷം കുത്തി വച്ച്‌ കൊല്ലുകയും ഭാര്യയും ഗീബല്‍സും ആത്മഹത്യ ചെയ്യുകയും ചെയ്ത്‌ ചരിത്രത്തിന്റെ ഭാഗമായി.
ജര്‍മന്‍കാരനായ കാറല്‍ മാര്‍ക്സിന്റെ അനുയായികള്‍ക്കും ഹിറ്റ്ലറുടെയും ഗീബല്‍സിന്റെയും സ്വഭാവ ദൂഷ്യങ്ങള്‍ സ്വാധീനിച്ചില്ലേ എന്ന സംശയമാണ്‌ ഉദ്ഭവിക്കുന്നത്‌. ഹിറ്റ്ലര്‍ കൊന്നൊടുക്കിയവരുടെ എണ്ണത്തോടടുത്തെങ്ങും എത്തുന്നില്ലെങ്കിലും ക്രൂരതയ്ക്ക്‌ ഒരു കുറവുമില്ല. നിഷ്ഠൂരമായ കൊലപാതകങ്ങളുടെ പരമ്പരകളാണ്‌ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ്‌ അനുയായികളില്‍ ഒരു വിഭാഗം ചെയ്തു കൂട്ടിയിട്ടുള്ളത്‌. ഇടുക്കിയിലെ മണി അതിന്റെ സത്യം പരസ്യപ്പെടുത്തിയിട്ടുണ്ട്‌. അടിച്ചു കൊല്ലാനും കുത്തിക്കൊല്ലാനും വെടിവച്ചു കൊല്ലാനും കയ്യറപ്പു തീര്‍ന്ന നിരവധി പേരെ വളര്‍ത്തിക്കൊണ്ടു വരാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്‌. സ്വന്തം കൃത്യങ്ങള്‍ മറ്റുള്ളവരുടെ പേരില്‍ കെട്ടിയേല്‍പിക്കാനും അപാര സാമര്‍ഥ്യം അവര്‍ക്കുണ്ട്‌. അതിനവര്‍ അനുകരിക്കുന്നത്‌ ഗീബല്‍സിനെ തന്നെയാണ്‌.
തലശ്ശേരിയിലെ ഫസലിന്റെ വധം ആദ്യം ആര്‍എസ്‌എസുകാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ സംഘടിത ശ്രമം നടത്തി. ലോക്കല്‍ സെക്രട്ടറി മുതല്‍ പിബി മെംബര്‍ വരെ അക്കാര്യം നിരന്തരം പ്രചരിപ്പിച്ചു. എഴുതി വച്ചാല്‍ പോര പറഞ്ഞു പരത്തണം എന്ന ഹിറ്റ്ലറുടെയും ഗീബല്‍സിന്റെയും തന്ത്രങ്ങള്‍ പ്രയോഗിച്ചു. ഒടുവില്‍ സിബിഐ വന്നപ്പോഴാണ്‌ സിപിഎമ്മിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ തകര്‍ന്നു തരിപ്പണമായത്‌.
തലശ്ശേരി ലഹളയെ കുറിച്ച്‌ അവര്‍ ഇന്നും ആശ്രയിക്കുന്നത്‌ ഗീബല്‍സിയന്‍ തന്ത്രങ്ങളെയാണ്‌. നാലു പതിറ്റാണ്ടു മുമ്പു നടന്ന ആ സംഭവത്തിന്റെ ദൃക്‌സാക്ഷികളും അന്നത്തെ തലമുറയും ഇന്നും ജീവിച്ചിരിക്കുന്നു. എന്നിട്ടും കലര്‍പ്പില്ലാത്ത നുണ പലകുറി ആവര്‍ത്തിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. തലശ്ശേരി കലാപത്തിന്‌ തുടക്കമിട്ടത്‌ കലശഘോഷയാത്രയ്ക്കു നേരെ നൂര്‍ജഹാന്‍ ഹോട്ടലിന്റെ മുകളില്‍ നിന്നും ഉണ്ടായ ചെരുപ്പേറാണ്‌. ചെരുപ്പെറിയാന്‍ നിയോഗിച്ച കുട്ടി സഖാവ്‌ അനില്‍കുമാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം സത്യം വിളിച്ചു പറയാന്‍ തയ്യാറായപ്പോഴാണ്‌ ദുരൂഹ സാഹചര്യത്തില്‍ അയാള്‍ മരണപ്പെട്ടത്‌.
മെരുവമ്പായി പള്ളിക്ക്‌ കാവല്‍ നില്‍ക്കുമ്പോഴാണ്‌ യു.കെ.കുഞ്ഞിരാമന്‍ സഖാവ്‌ കൊല്ലപ്പെട്ടതെന്ന കെട്ടുകഥ ഇപ്പോഴും പല സഖാക്കളും ചാനല്‍ ചര്‍ച്ചകളിലും മറ്റും തട്ടിവിടുന്നുണ്ട്‌. സംഭവത്തെ കുറിച്ച്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു വ്യക്തം. ഇങ്ങനെ പരിശോധിച്ചാല്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. ഏറ്റവും ഒടുവിലത്തേതാണ്‌ ഷുക്കൂര്‍ വധക്കേസിലെ പ്രതി സുമേഷിന്റെ മലദ്വാരത്തില്‍ ഇരുമ്പു കമ്പി കയറ്റി പോലീസ്‌ മൂന്നാം മുറ പ്രയോഗിച്ചു എന്ന സിപിഎം പ്രചരണം.
ഈ കേസ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്‌.പി പി.സുകുമാരനെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി കണ്ടെത്തിയ മാര്‍ഗം എന്നതിലുപരി പ്രതികളായേക്കുമെന്ന്‌ സംശയിക്കുന്ന ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ്‌. ബ്രാഞ്ച്‌ തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ഈ പ്രചരണത്തിന്റെ ചുമതല ഏറ്റെടുത്തു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസ്ഥാന നേതാക്കള്‍ തന്നെ ഇത്‌ പലകുറി ആവര്‍ത്തിച്ചു. ഒടുവില്‍ വിഷയം കോടതിയിലുമെത്തി. കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ സുമേഷിനെ വിശദപരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തിയത്‌. വിദഗ്ധ ഡോക്ടര്‍മാര്‍ തലങ്ങും വിലങ്ങും പരിശോധിച്ചു. തലമുടി മുതല്‍ കാലിലെ നഖം വരെ പരിശോധനയ്ക്കു വിധേയമാക്കി. അടുത്ത കാലത്തൊന്നും സുമേഷിന്റെ ശരീരത്തിന്‌ എവിടെയും ഒരു ക്ഷതവും ഏറ്റിട്ടില്ല. ഒരവയവത്തിനും കേടുപാട്‌ സംഭവിച്ചിട്ടില്ല. മലദ്വാരം പ്രത്യേകം പരിശോധിച്ചപ്പോഴും കമ്പിപ്പാര പോയിട്ട്‌ ഒരു തുമ്പപ്പൂവ്‌ കൊണ്ടു പോലും "അക്രമം" നേരിടേണ്ടി വന്നിട്ടില്ലെന്ന്‌ ബോധ്യപ്പെട്ടത്‌. അപ്പോഴാണ്‌ വീണ്ടും ഗീബല്‍സിന്റെ തന്ത്രങ്ങള്‍ ഓര്‍മയിലെത്തുന്നത്‌.
"മാര്‍ക്സാണ്‌ ശരി" എന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ക്യാപ്ഷന്‍. അതാണിപ്പോള്‍ സംശയാസ്പദമായത്‌. സിപിഎം ശരി എന്നു പറയുന്നത്‌ യഥാര്‍ഥത്തില്‍ മാര്‍ക്സാണോ ഗീബല്‍സാണോ ? അവസാനം ഇത്തരം പ്രചരണം നടത്തുന്നവരുടെ അന്ത്യം ഗീബല്‍സിന്റെ അന്ത്യം പോലെ സംഭവിക്കുമോ ? ശത്രുക്കളെ പോലും സ്നേഹിക്കണമെന്നല്ലെ പ്രമാണം. ഗീബല്‍സിന്റെ അന്ത്യം മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ !
കെ. കുഞ്ഞിക്കണ്ണന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.