കണ്ണൂര്‍ മോഡല്‍ കേരളമാകെ വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം: സജി നാരായണന്‍

Sunday 11 June 2017 10:51 pm IST

സിപിഎമ്മുകാര്‍ തകര്‍ത്ത ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയത്തിലെത്തിയ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ.സജി നാരായണനോട് ബിഎംഎസ് നേതാക്കള്‍ അക്രമത്തെകുറിച്ച് വിവരിക്കുന്നു. വി. രാധാകൃഷ്ണന്‍. പി. ശശിധരന്‍, ടി.സി. സേതുമാധവന്‍, ഒ. കെ. ധര്‍മ്മരാജ്, കെ.കെ. പ്രേമന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: കണ്ണൂര്‍ മോഡല്‍ അക്രമം കേരളമാകെ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ. സജി നാരായണന്‍ പറഞ്ഞു. സിപിഎമ്മുകാര്‍ തകര്‍ത്ത ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഎംഎസിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ടാണ് ബിഎംഎസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നത്. ബിഎംഎസ് ഒരു സംഘടനയുമായി സംഘര്‍ഷത്തിലില്ല. അക്രമം വ്യാപിപ്പിച്ച,് തൊഴിലാളികള്‍ ബിഎംഎസിലേക്ക് കടന്നുവരുന്നത് തടയാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

കേരളത്തില്‍ എവിടെ അക്രമം നടന്നാലും അതിന്റെ ഒരു ഭാഗത്ത് സിപിഎമ്മുണ്ടാകും. സിപിഐ ഓഫീസുകള്‍ക്ക് നേരെ വരെ അക്രമം നടത്തുന്നു. ഭരണത്തിന്റെ തണലില്‍ പോലീസിനെ നിഷ്‌ക്രിയമാക്കിയാണ് അക്രമങ്ങള്‍ നടത്തുന്നത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലീസും തയ്യാറാകുന്നില്ല.

ബിഎംഎസിന്റെ കേരളത്തിലെ വളര്‍ച്ച സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. അക്രമങ്ങളിലൂടെ ബിഎംഎസിന്റെ വളര്‍ച്ചയെ തടയാമെന്നത് തെറ്റായ ചിന്തയാണ്. അക്രമങ്ങളിലൂടെ ആര്‍ക്കും മുന്നേറാന്‍ സാധിക്കില്ല. ആരെയും തകര്‍ക്കാനുമാകില്ല. ശാന്തിയും സമാധാനവും സൗഹൃദവും നിറഞ്ഞ പ്രവര്‍ത്തങ്ങളിലൂടെ മാത്രമെ മുന്നോട്ടുപോകാനാകൂ. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളവും സിപിഎമ്മിന് നഷ്ടമാകും. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബിഎംഎസ് ഓഫീസുകള്‍ക്ക് നേരെയും അക്രമം ഉണ്ടായിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ അലി അക്ബറും ഓഫീസ് സന്ദര്‍ശിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. ഗംഗാധരന്‍, വി. രാധാകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, സംസ്ഥാന സമിതി അംഗം ടി.സി. സേതുമാധവന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ജില്ലാ ഭാരവാഹികളായ കെ.കെ. പ്രേമന്‍, കെ. ശ്രീകുമാര്‍, വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.