മരുന്നില്‍ മയങ്ങി മയങ്ങി

Sunday 11 June 2017 10:57 pm IST

കൊച്ചി: ലഹരി മരുന്ന് ഉപയോഗത്തില്‍ കൊച്ചി കുതിക്കുകയാണ്. നാള്‍ക്കുനാള്‍ ലഹരി ഉപയോഗിക്കുന്നവരുടെയെണ്ണം വര്‍ദ്ധിച്ചുവരുകയാണ്. മദ്യത്തിന്റെ ലഭ്യതക്കുറവാണ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളിലേയ്ക്ക് തിരിയാന്‍ ഇടയാക്കിയത്. സ്‌കൂള്‍ കോളേജ് വിദ്യര്‍ത്ഥികളെ ലക്ഷ്യവെച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘം തന്നെ നഗരത്തില്‍ സജീവമാണ്. രാജ്യത്ത് ലഹരി ഉപയോഗിക്കുന്ന നഗരങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനമാണുള്ളത്. സിഗരറ്റില്‍ നിന്നും തുടര്‍ന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളിലും ലഹരിതേടി പോകുന്ന യുവത്വം മയക്കുമരുന്ന് മേഖലയിലേക്ക് എത്തപ്പെടുകയാണ്. പുകയില രഹിത ജില്ലയായ എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പുകയില എത്തിചേരുന്നത്. ഷാഡോ പോലീസ് ലഹരിമരുന്ന് പിടികൂടുന്നതോടെയാണ് കുറച്ച് ദിവസത്തേക്കെങ്കിലും ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കച്ചവടക്കാര്‍ക്കിടയിലെ കിടമത്സരമാണ് പോലീസിന് കുറച്ചെങ്കിലും മയക്കുമരുന്ന് പിടികൂടാന്‍ സഹായകമാകുന്നത്. ടൂറിസത്തിന്റെ മറവിലും നിര്‍മ്മാണമേഖലയുടെ മറവിലും മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. ടൂറിസം പ്രദേശമായ ഫോര്‍ട്ട്‌കൊച്ചിയും പരിസരവുമാണ് മയക്ക്മരുന്ന് വിപണനത്തിന് പേര് കേട്ടതെങ്കിലും ഇപ്പോള്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്നിന്റെ കേന്ദ്രങ്ങളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് മയക്കുമരുന്നുകള്‍ കൂടുതലും എത്തിചേരുന്നത്. ഇതില്‍കൂടുതലും കഞ്ചാവാണ്. കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും കഞ്ചാവിനോടാണ് കൂടുതല്‍ താല്പര്യം. ബോബ് മര്‍ലിയുടെ ചിത്രവും മറ്റുമാണ് ഫോര്‍ട്ട് കൊച്ചിയില്‍ കഞ്ചാവിന്റെ അടയാളമായി ലഹരി മേഖലയില്‍ അറിയപ്പെട്ടിരുന്നത്. യുവാക്കള്‍ ലഹരി തേടി ഇറങ്ങിയതോടെയാണ് കൊക്കൈനും ഹാഷിഷും കിറ്റാമിനും എല്‍എസ്ഡിയും കൊച്ചിയില്‍ സജീവമായത്. തേനി, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, നേപ്പാള്‍, ഉള്‍പ്പെടെ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കഞ്ചാവ് കൊച്ചിയില്‍ എത്തുന്നുണ്ട്. ഗോവയില്‍ നിന്നാണ് വിദേശികളായ മറ്റു മയക്കുമരുന്നുകള്‍ കൊച്ചിയില്‍ എത്തുന്നത്. ഇവയുടെ വിപണനത്തിനായി പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയാണ് സംഘം തിരഞ്ഞെടുക്കുന്നത്. പോലീസിന്റെ പിടിയിലായാലും ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുമെന്നതാണ് ഇതിന് കാരണം. കൂടാതെ ഇവര്‍ വഴി സ്‌കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് ലഹരിയെത്തിക്കുന്നതിലൂടെ പുതു തലമുറയിലേക്ക് കൂടി ലഹരി വ്യാപിക്കുന്നു. 2016 ഫെബ്രുവരി 16ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചിയില്‍ പിടികൂടിയ ആഫ്രിക്കന്‍ പൗരനാണ് കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്നുമായി പിടിയിലാകുന്ന ആദ്യവിദേശി. ഇയാളില്‍ നിന്ന് പിടിച്ചെടുത്തതാകട്ടെ എട്ട് കോടിരൂപയുടെ മയക്കുമരുന്നും ഏഴ് കോടി രൂപയുടെ ഹെറോയിനും ഒരു കോടി രൂപയുടെ മെഫെ്ത്താംഫിറ്റെമിനുമാണ്. നഗരത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്നത് മീട്ടപാന്‍ വില്‍പ്പനക്കാരാണ്. ഈ വില്‍പ്പനക്ക് പോലീസിനും, എക്‌സൈസിനും ഷെയര്‍ ലഭിക്കാറുണ്ടെന്നാതാണ് പരസ്യമായ രഹസ്യം. ബോധവല്‍ക്കരണത്തോടൊപ്പം, കൗണ്‍സിലിംഗും, താമസിച്ചുള്ള ചികിത്സയും പുകയില ഉപഭോഗം നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.