കേരളത്തിന്റെ ട്രാക്കില്‍ മെട്രോ

Monday 12 June 2017 1:29 am IST

കേരളം മെട്രോ സ്വപ്‌നം കണ്ടു തുടങ്ങിയിട്ട് പത്തു വര്‍ഷം പിന്നിട്ടു. ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുവെപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി. ഈ മാസം 17ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ വാതിലുകള്‍ യാത്രയ്ക്കായി തുറന്നിടും. കേരളത്തിന്റെ തന്നെ ഗതാഗത സംസ്‌കാരത്തിലെ പുത്തന്‍ അധ്യായത്തെക്കുറിച്ച് രാജേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോയുടെ ആദ്യ സര്‍വീസ്. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന മെട്രോ എന്ന റെക്കോഡുമായാണ് കൊച്ചി കുതിക്കുക. പ്രതീക്ഷകള്‍ വാനോളം. ഒപ്പം ആശങ്കകളും ഏറെ. എങ്കിലും, രാജ്യത്തെ എട്ടാമത്തെ ആകാശ പാതയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി. ഡ്രൈവറില്ലാതെ ഓടും; 975 പേര്‍ക്ക് യാത്ര രാജ്യത്ത് നിലവിലുള്ളത് ഏഴു മെട്രോ. കൊല്‍ക്കത്ത, ദല്‍ഹി, ബെംഗളൂരു, ജയ്പൂര്‍, ഗുഡ്ഗാവ്, മുംബൈ, ചെന്നൈ. എട്ടാമത്തേതായി കൊച്ചിയും. മറ്റു മെട്രോകളെ വെല്ലുന്ന സവിശേഷതകള്‍ ഏറെ. ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടുന്ന സംവിധാനമാണ് ഇതില്‍ പ്രധാനം. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാവുക. കണ്‍ട്രോള്‍ യൂണിറ്റിലിരുന്ന് ട്രെയിന്‍ നിയന്ത്രിക്കാനാകും. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ചായിരിക്കും യാത്ര. ഇതിനായി ഏഴു വനിതാ ഡ്രൈവര്‍മാരുള്‍പ്പെടെ 39 പേരുണ്ട്. ഭാവിയില്‍ ഡ്രൈവറില്ലാ ഓട്ടത്തിലേക്ക് കൊച്ചി മെട്രോ മാറും. ആദ്യഘട്ട സര്‍വീസിന് മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകള്‍. ഫ്രാന്‍സിലെ ആല്‍സ്റ്റോം കമ്പനി ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ പ്ലാന്റിലാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. ഒരു ട്രെയിനില്‍ ഒരേ സമയം 975 പേര്‍ക്ക് യാത്ര ചെയ്യാം. 136 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാം. ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രത്യേക സീറ്റുകള്‍. വീല്‍ച്ചെയറോടെ ട്രെയിനില്‍ കയറാമെന്നതും പ്രത്യേകത. കാഴ്ചയില്ലാത്തവര്‍ക്ക് തപ്പിത്തടയാതെ സ്റ്റേഷനിലെത്താനും ട്രെയിനില്‍ കയറാനുമായി പ്രത്യേകം തയാറാക്കിയ തറകള്‍. ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി നാരങ്ങാപ്പച്ച നിറത്തിലാണ് സീറ്റുകള്‍. സാധാരണ സീറ്റുകള്‍ക്ക് നിറം മരതകപ്പച്ച. ടിക്കറ്റിന് 10 രൂപ മുതല്‍ മണിക്കൂറില്‍ 98 കിലോമീറ്ററാണ് വേഗത്തിലാണ് മെട്രോയുടെ വേഗം. ശരാശരി വേഗം 35 മുതല്‍ 40 കിലോമീറ്റര്‍ വരെ. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. അടുത്തഘട്ടത്തില്‍ കോച്ചുകളുടെ എണ്ണം ആറായി ഉയര്‍ത്തും. ട്രെയിനുകളുടെ എണ്ണവും കൂട്ടും. ആളു കൂടുതലുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവിട്ടാണ്് സര്‍വീസ്. ദിവസം ശരാശരി 200 സര്‍വീസുകള്‍ പരിഗണനയില്‍. മെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപ. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപ. സാധാരണ ബസ് യാത്രയേക്കാള്‍ ചെലവ് കൂടുമെങ്കിലും ശീതികരിച്ച യാത്രയാണ് മെട്രോ നല്‍കുക. ഗതാഗതക്കുരുക്കില്‍ സമയം നഷ്ടമാകില്ല. ക്യൂ ആര്‍ കോഡ് ടിക്കറ്റ്, ഒന്നിലേറെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ആര്‍എഫ്‌ഐഡി കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ടിക്കറ്റാണുള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കൊച്ചി വണ്‍ കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇതുവഴി ഷോപ്പ് ചെയ്യാനും സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. മെട്രോ ഉദ്ഘാടന ദിവസം മുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ലഭിച്ചു തുടങ്ങും. സുരക്ഷിത യാത്ര സാധാരണ റെയില്‍പ്പാളം മുറിച്ചു കടക്കുന്നതുപോലെ സ്റ്റേഷനുകളില്‍ റെയില്‍പ്പാളം മുറിച്ചു കടക്കാനാവില്ല. പ്ലാറ്റ്‌ഫോമില്‍ മഞ്ഞ നിറത്തിലുള്ള വരയുണ്ട്. ഇതിനപ്പുറത്തേക്ക് ആളുകള്‍ നില്‍ക്കരുത്. യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ വീണാലും രക്ഷപ്പെടുത്താന്‍ സംവിധാനമുണ്ട്. എമര്‍ജന്‍സി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) എന്ന സാങ്കേതികവിദ്യയാണിത്. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ഇടിഎസ് സ്വിച്ചില്‍ അമര്‍ത്തിയാല്‍ പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. യാത്രക്കാരെ രക്ഷപ്പെടുത്താനാകും. യാത്രക്കാര്‍ ട്രെയിനിന്റെ വാതിലില്‍ കുടുങ്ങാതിരിക്കാനും സംവിധാനമുണ്ട്. വാതില്‍ അടയ്ക്കുമ്പോഴും തുറക്കുമ്പോഴും സംഗീതം കേള്‍ക്കാം. ഇതിലൂടെ യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ എടുക്കാനാവും. ഇറങ്ങേണ്ട സ്ഥലം ട്രെയിനിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയും. കൂടാതെ, സ്റ്റേഷന്റെ പേര് അനൗണ്‍സ്‌മെന്റ് വഴിയും അറിയിക്കും. കാഴ്ചയില്ലാത്ത യാത്രക്കാരെ സഹായിക്കാനാണിത്. ഒട്ടേറെ പുതുമകളുമായി കൊച്ചിയുടെ ഗതാഗത സംസ്‌കാരം മാറ്റിമറിക്കാന്‍ മെട്രോ എത്തിയത് ഏറെ വിവാദങ്ങളിലൂടെയാണ്. (അതേക്കുറിച്ച് നാളെ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.