സിറിയയിലെ കൂട്ടക്കുരുതി യു എന്‍ അപലപിച്ചു

Saturday 14 July 2012 8:54 pm IST

വാഷിങ്ങ്ടണ്‍: സിറിയയില്‍ വെള്ളിയാഴ്ചയുണ്ടായ കൂട്ടക്കുരുതി യു എസും യു എന്‍ അപലപിച്ചു.സൈന്യത്തിന്റെ നടപടി പൈശാചികവും ക്രൂരവുമാണെന്ന്‌ യു എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു.സാധാരണക്കാരെ മനപൂര്‍വ്വം കൊല്ലുന്ന ക്രൂരതയ്ക്ക്‌ അന്ത്യം കാണണമെന്നും ഹിലരി പറഞ്ഞു.വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട്‌ അനുകൂല നിലപാട്‌ എടുത്ത ആസദ്‌ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്‌ കൂട്ടക്കൊലയെന്ന്‌ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പ്രതികരിച്ചു.
ഹമാ പ്രവശ്യയില്‍ ഹെലികോപ്റ്ററുകളും ആയുധങ്ങളും ടാങ്കുകളും ഉപയോഗിച്ചാണ്‌ സൈന്യം ആക്രമണം നടത്തിയതെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണസംഘം വ്യക്തമാക്കി.സിറിയയില്‍ കലാപമേഖലയായ ഹമായിലെ ട്രെംസെ ഗ്രാമത്തില്‍ സിറിയന്‍ സേനയുടെ ആക്രമണത്തിലാണ്‌ 220 പേര്‍ കൊല്ലപ്പെട്ടത്‌.പുലര്‍ച്ചെ നാലുവശത്തുനിന്നും ഗ്രാമം വളഞ്ഞ ശേഷം കരയില്‍ നിന്നും ഹെലികോപ്റ്ററില്‍നിന്നും ആക്രമണം നടത്തുന്നതിനിടെ ഇരച്ചുകയറിയ സൈനികരും സര്‍ക്കാര്‍ പോരാളികളും കൂട്ടക്കൊല നടത്തുകയായിരുന്നു.16 മാസം മുന്‍പ്‌ കലാപം ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ നരഹത്യയാണിത്‌.എന്നാല്‍ ട്രെംസെയിലെ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായെന്നും മൂന്നു സൈനികര്‍ മാത്രമാണ്‌ കൊല്ലപ്പെട്ടെതെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ വ്യക്തമാക്കി. അതേസമയം ബാഷര്‍ അല്‍ ആസദിന്റെ കീഴിലുള്ള സൈന്യം വിമതര്‍ ഒഴിഞ്ഞുപോയ ഗ്രാമത്തിലേക്ക്‌ ഇരച്ചുകയറി ആള്‍ക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.