ജില്ലാ ആശുപത്രി ഫാര്‍മസിയില്‍ 24 മണിക്കൂര്‍ സേവനം

Monday 12 June 2017 7:27 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഇനി 24 മണിക്കൂറും മരുന്ന് ലഭ്യമാക്കാന്‍ സംവിധാനം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂര്‍ സേവനവുമായി ആശുപത്രിയില്‍ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. മുഴുവന്‍ സമയവും ഫാര്‍മസി സേവനം ലഭ്യമാക്കുന്നതിലൂടെ ആശുപത്രിയുടെ വികസനത്തിന് തന്നെ കാര്യമായ മാറ്റം ഉണ്ടാകുമെന്നും കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയെ സമീപിക്കുമെന്നും ഫാര്‍മസി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നിലവില്‍ രാത്രിയില്‍ ഫാര്‍മസിയില്‍ മരുന്നു ലഭ്യമാകാറില്ലെന്നും ഏറെ ദൂരെ പോയി അവശ്യ മരുന്നുകള്‍ വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. പനിയുള്‍പ്പെടെ വ്യാപകമാകുന്ന മഴക്കാലത്ത് പുതിയ സേവനം ലഭ്യമാകുന്നതിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. അവശ്യമരുന്നുകള്‍ ഉള്‍പ്പെടെ ഫാര്‍മസിയില്‍ ലഭ്യമാക്കേണ്ട 590 ഇനം മരുന്നുകളുടെയും ലഭ്യത ഫാര്‍മസിയില്‍ ഉറപ്പുവരുത്തുന്നതിനും പ്രസിഡന്റ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സമയ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 3 ഫാര്‍മസിസ്റ്റുമാരെയും അധികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാപഞ്ചായത്തംഗം അജിത് മാട്ടൂല്‍, ആസൂത്രണസമിതിയംഗം കെ.വി ഗോവിന്ദന്‍, ആശുപത്രി സൂപ്രണ്ട് വി.വി പ്രീത, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, സ്റ്റോര്‍ സൂപ്രണ്ട് പി.ജി.ലാലി, ഫാര്‍മസി ഹെഡ് കല്ല്യാണി, ഫാര്‍മസിസ്റ്റ് രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.