പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ത്രിതല സുരക്ഷ ഏര്‍പ്പെടുത്തണം

Wednesday 13 July 2011 12:16 pm IST

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് എ.ഡി.ജി.പി വേണുഗോപാല്‍ നായര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആധുനിക സംവിധാനത്തിലുള്ള ത്രിതല സുരക്ഷ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രവും പരിസര പ്രദേശവും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രിതല സുരക്ഷാ സംവിധാനത്തിന്റെ ആദ്യപടി മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് പകരം കുറച്ചു കൂടി വിപുലമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. ലേസര്‍ സെന്‍സറുകള്‍, ക്യാമറകള്‍, സ്കാനറുകള്‍, മെറ്റല്‍, ബോംബ് ഡിറ്റക്റ്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കണം. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഒഴിപ്പിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് ക്ഷേത്ര ഭരണാധികാരികളുമായും രാജകൊട്ടാരവുമായി ചര്‍ച്ചകള്‍ നടത്തണം. കമാന്‍ഡോകളുടെ എണ്ണം കൂട്ടണം. കണ്‍ട്രോള്‍ റൂമിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ക്ഷേത്രപരിസരത്ത് എത്തുന്ന വാഹനങ്ങളുടെ പരിശോധനയ്ക്കു സംവിധാനമേര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥിരം സുരക്ഷ സംവിധാനമേര്‍പ്പെടുത്തണം. ഇതിനു വന്‍തുക ആവശ്യമായി വരും. നിധിശേഖരം കണ്ടെത്തിയ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏതു ഭീഷണിയും നേരിടാന്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണം. ഇതു കേരള പൊലീസ് അഭിമാനപ്രശ്നമായാണു കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.