മണ്‍സൂണ്‍ ടൂറിസം പ്രതിസന്ധിയില്‍

Monday 12 June 2017 9:00 pm IST

  കുമളി : മഴക്കാലം ആസ്വദിക്കാന്‍ തേക്കടിയില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് നിരാശ. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. ഇതോടെ മുന്‍പ് വനംവകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബോട്ട് സവാരി പുരാരംഭിക്കാന്‍സാധിച്ചിട്ടില്ല. നിലവില്‍ 108.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 108 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നതോടെയാണ് അപകടസാധ്യത മുന്‍ നിര്‍ത്തി സവാരി ബോട്ടുകളുടെ യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടത്. തേക്കടിയിലെ പ്രധാന ആകര്‍ഷണമായ ബോട്ട് സവാരി നിലച്ചതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. മുന്‍കൂട്ടി മുറികള്‍ ബുക്ക്‌ചെയ്ത് എത്തുന്നവര്‍ ബോട്ട് സവാരി സാധ്യമാകാതെ വരുന്നതോടെ കൂടുതല്‍ ദിവസം തേക്കടിയില്‍ തങ്ങാതെ തിരികെ പോകുന്നു. വിദേശീയരാണ് മണ്‍സൂണ്‍ ടൂറിസം എന്ന പേരില്‍ കേരളത്തിന്റെ മഴക്കാല അന്തരീക്ഷം ആസ്വദിക്കാന്‍ കൂടുതലായി എത്താറുള്ളത്. നമ്മുടെ സംസ്ഥാനത്തിന്റെ തനതു ചികിത്സാരീതിയായ ആയുര്‍വേദം ഉള്‍പ്പെടെയുള്ളവ ഈ സമയത്ത് ഏറെ പ്രചാരം ലഭിച്ചവയാണ്. മഴയില്ലാതായതോടെ വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തദ്ദേശ്ശവാസികളാണ് തേക്കടിയില്‍ നിരാശയിലായത്. കേരളത്തില്‍ ഇടവപ്പാതി ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് തേക്കടിയുള്‍പ്പെടെയുള്ള മേഖലയില്‍ മഴ ലഭിച്ചത്. ഇതാകട്ടെ വളരെ ശക്തി കുറഞ്ഞ രീതിയിലുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.