ഗംഗയെ അശുദ്ധമാക്കിയാല്‍ ഏഴു വര്‍ഷം തടവും 100 കോടി പിഴയും

Tuesday 13 June 2017 8:04 am IST

ന്യൂദല്‍ഹി: ഏഴു വര്‍ഷം ജയില്‍ ശിക്ഷ കിട്ടാന്‍ പാകത്തിന് കുറ്റകൃത്യങ്ങള്‍ ഏതൊക്കെ എന്ന് നിശ്ചയിച്ചിട്ടുണ്ട് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ. എന്നാല്‍ ഏഴു വര്‍ഷം തടവും നൂറു കോടി രൂപ പിഴയും വരെ കിട്ടാന്‍ സാധ്യതയുള്ള മറ്റൊരു കുറ്റകൃത്യത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കാം. ഗംഗാ നദിയെ അശുദ്ധമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നൂറു കോടി രൂപ പിഴയും ഏഴു വര്‍ഷം തടവും നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു. ഗംഗയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പാനലാണ് ദേശീയ ഗംഗാ നദീ ബില്‍ 2017 സമര്‍പ്പിച്ചത്. പുണ്യനദിയുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള ബില്ലാണിത്. ഈ ബില്‍ നിയമമായാല്‍ ഗംഗയുടെ ഒഴുക്കു തടയുക, മലിനമാക്കുക, നദീതീരത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയ്ക്ക് ഏഴു വര്‍ഷം തടവാവും ശിക്ഷ. ഗംഗയെ അശുദ്ധമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ തോത് അനുസരിച്ചുള്ള ശിക്ഷകളാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. ഗംഗയുടേയോ കൈവഴികളുടേയോ ഒഴുക്കു തടയുന്ന വിധത്തിലുള്ള ഏതൊരു പ്രവൃത്തിക്കും രണ്ടു വര്‍ഷം തടവും നൂറു കോടി രൂപ പിഴയും ലഭിക്കും. അനുവാദമില്ലാതെ തുറമുഖങ്ങള്‍ നിര്‍മിക്കുക, തടയണകള്‍ നിര്‍മിക്കുക, ഒഴുക്കിന്റെ ഗതി തിരിച്ചു വിടുക തുടങ്ങിയവയ്ക്ക് ഒരു വര്‍ഷം തടവും അമ്പതു കോടി പിഴയും. ഗംഗയില്‍ നിന്നോ കൈവഴികളില്‍ നിന്നോ അനധികൃതമായി മണല്‍ വാരിയാല്‍ അഞ്ചുവര്‍ഷം തടവോ അമ്പതിനായിരം രൂപ പിഴയോ കിട്ടാം. പിഴയടച്ചു തത്ക്കാലം രക്ഷപെടാം എന്നു കരുതണ്ട. പിന്നീട് ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴയായി ഒരു ദിവസം ഇരുപതിനായിരം രൂപയാണ് ശിക്ഷ. കീടനാശിനികള്‍, പ്ലാസ്റ്റിക് മാലിന്യം, രാസവസ്തുക്കള്‍ എന്നിവയാല്‍ ഗംഗയെ മലിനപ്പെടുത്തി എന്നു കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവോ 50,000 രൂപ പിഴയോ ആണ് ശിക്ഷ. ഗംഗയും കൈവഴികളും ഒഴുകുന്ന പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവ് ജല രക്ഷാ മേഖലയായി പ്രഖ്യാപിക്കണം എന്നതടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ റിട്ട. ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നല്‍കിയ ശുപാര്‍ശയിലുണ്ട്. ഈ മേഖലില്‍ കുഴല്‍ക്കിണറുകള്‍ കുത്തി ജലമൂറ്റിയാല്‍ രണ്ടു വര്‍ഷം തടവും 2,000 രൂപ പിഴയും ഉറപ്പ്. ബില്ലിന്റെ കരടു രൂപം കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ മറ്റൊരു വിദഗ്ധ സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഗംഗയുടെ തീരത്തുള്ള ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമായി ആലോചിച്ച് അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചതിനു ശേഷമേ ബില്ലിന് അന്തിമ രൂപ നല്‍കൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.