കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി പ്രോത്സാഹിപ്പിക്കും: മന്ത്രി തോമസ് ഐസക്

Tuesday 13 June 2017 1:16 am IST

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പ്രവര്‍ത്തകരുമായി ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് സംവദിക്കുന്നു.

കോഴിക്കോട്: കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹോംഷോപ്പ് പദ്ധതിയുടെ പ്രവര്‍ത്തകരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ ചെന്ന് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്ക് വില്‍പനയ്ക്കായി പ്രത്യേകം രൂപപ്പെടുത്തിയ സ്‌കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇ വഴി വായ്പ ലഭ്യമാക്കും. ഇതിന് കുടുംബശ്രീ സബ്‌സിഡിയും നല്‍കും. നഗരങ്ങളില്‍ 20 തരം ഭക്ഷ്യയോഗ്യമായ പച്ചിലകള്‍ ശുചിയാക്കി വില്‍പനയ്ക്ക് വെക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കയര്‍ബോര്‍ഡ് വിപണനം നടത്തുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ ഹോംഷോപ്പ് പദ്ധതിയിലൂടെ വില്‍പന നടത്താന്‍ മന്ത്രി സഹായം വാഗ്ദാനം ചെയ്തു. അടുത്ത സീസണിലേക്ക് സ്‌കൂള്‍ ബാഗ്, കുട തുടങ്ങിയവയുടെ ഓര്‍ഡര്‍ ശേഖരിച്ച് വിപണനം നടത്താനും നിര്‍ദേശിച്ചു. ഗുണനിലവാരം ഉറപ്പുവരുത്താന്‍ യന്ത്രവത്കരണം ആവശ്യമായി വരും. ഇതിന് വായ്പാ സഹായം നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാതെ ക്ഷയിക്കുന്ന കുടുംബശ്രീ ഉല്‍പാദക യൂനിറ്റുകള്‍ക്ക് സ്ഥിരം വിപണി സൃഷ്ടിക്കുന്നതിനും ഉല്‍പാദക രംഗത്തെന്ന പോലെ വിപണന രംഗത്തും സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കാനുമാണ് കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് പദ്ധതിയായ ഹോംഷോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.