കാരക്കോണത്തേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Wednesday 13 July 2011 12:36 pm IST

തിരുവനന്തപുരം: സി.എസ്‌.ഐ സഭയുടെ നേതൃത്വത്തിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എം.ബി.ബി.എസ്‌ പ്രവേശനത്തിന്‌ 50 ലക്ഷം രൂപ തലവരിപ്പണം വാങ്ങിയതിനെതിരെയായിരുന്നു യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. രാവിലെ 11.15ഓടെയാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ആരംഭിച്ചത്‌. കോളേജിന്‌ സമീപത്ത്‌ വച്ച്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി റോഡിലിരുന്ന്‌ പ്രതിഷേധിച്ചു. ഈ സമയം ഇവിടേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സിനെയും പോലീസ് അകത്തേയ്ക്ക് കടത്തിവിട്ടില്ല. പോലീസുകാര്‍ ആംബുലസില്‍ നിന്നും സ്ട്രെക്ചറില്‍ രോഗിയെ ആശുപത്രിക്കുള്ളിലേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നു. കാരക്കേണം മെഡിക്കല്‍ കോളേജില്‍ ലക്ഷക്കണക്കിന് രൂപ തലവരിപ്പണം വാങ്ങിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലാണ് പുറത്തുവിട്ടത്.