ശ്രീവത്സം ഗ്രൂപ്പിന് 425 കോടി രൂപയുടെ അധിക സ്വത്ത്

Tuesday 13 June 2017 12:59 pm IST

കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് 425 കോടി രൂപയുടെ അധിക സ്വത്ത് ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. പരിശോധന പൂര്‍ത്തിയാവുമ്പോള്‍ ഈ കണക്ക് ഇരട്ടിയായേക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. നാഗാലാന്റിലെ ഉദ്യോഗസ്ഥരുടെ കളളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിയിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ സംശയമുയര്‍ത്തുന്നുണ്ട്. നാഗാലാന്റിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് ശ്രീവത്സം ഗ്രൂ‍പ്പ് ചെയര്‍മാന്‍ എംകെആര്‍ പിള്ളയ്ക്കുള്ളത്. ഇതില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള എട്ടെണ്ണം പിള്ളയുടെ ഭാര്യയുടേയും മകന്റേയും പേരിലുള്ളതാണ്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളത്തിലേക്ക് നാഗാലാന്റ് പൊലീസിന്റെ ട്രക്ക് എത്തിയതും പിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമായിട്ടുണ്ട്. മധ്യകേരളത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ മതിപ്പ് വില കൂടി കണക്കിലെടുക്കുമ്പോള്‍ അധിക സ്വത്തിന്റെ അന്തിമകണക്ക് ക്രമാതീതമായി ഉയര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.