അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള: 'ലൈഫ് ആനിമേറ്റഡും 'സഖിസോണ'യും ഉദ്ഘാടന ചിത്രങ്ങള്‍

Tuesday 13 June 2017 4:11 pm IST

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി 'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിക്കും. പത്രപ്രവര്‍ത്തകനായ റോണ്‍ സസ്‌കിന്ദ് ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി റോജര്‍ റോസ് വില്യംസ് സംവിധാനംചെയ്ത 'ലൈഫ്, ആനിമേറ്റഡി'ന് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. വിവിധ ചലച്ചിത്രമേളകളിലായി 25 ഓളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് 91 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം നേടിയ 'സഖിസോണ'പ്രാന്തിക് ബസുവാണ് സംവിധാനംചെയ്തിരിക്കുന്നത്.