'ദ്വാരക'യിലൂടെ പുനര്‍ജീവിക്കുന്ന കലംകാരി

Tuesday 13 June 2017 6:38 pm IST

                                                 അനിത റെഡ്ഡി

തുണിത്തരങ്ങളില്‍ വ്യത്യസ്തത തേടുന്ന ഏതൊരാളുടേയും ശ്രദ്ധ കവരാതെ പോവില്ല കലംകാരി വസ്ത്രങ്ങള്‍. പരുത്തിത്തുണികളില്‍ ചായക്കൂട്ടുകള്‍ കൊണ്ട് ആകര്‍ഷകമായ ഡിസൈനുകള്‍ തീര്‍ക്കുന്നതിനെയാണ് കലംകാരി എന്ന് പറയുന്നത്. പൂര്‍ണമായും കരവിരുത് പ്രകടമാകുന്നതാണ് ഓരോ കലംകാരി തുണിത്തരങ്ങളും. പേന, കൈതൊഴില്‍ വൈദഗ്ധ്യം എന്നര്‍ത്ഥം വരുന്ന രണ്ട് പേര്‍ഷ്യന്‍ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് കലംകാരി എന്ന വാക്കുണ്ടായിരിക്കുന്നത്.

ഭാരതത്തിന്റെ സംസ്‌കാരം ഇഴചേര്‍ത്താണ് ഓരോ കലംകാരി ഡിസൈനുകളും രൂപപ്പെടുത്തുന്നത്. പ്രകൃതിയില്‍ നിന്നുള്ള നിറങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ആന്ധ്രാപ്രദേശിലാണ് കലംകാരിയെന്ന കരകൗശല വിദ്യ രൂപംകൊണ്ടത്.

എന്നാല്‍ ഇന്ന് കലംകാരി വിദ്യ സംരക്ഷിക്കപ്പെടേണ്ട അവസ്ഥയിലെത്തിനില്‍ക്കുകയാണ്. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് പത്മശ്രീ ജേതാവും കലംകാരി വിദ്യയില്‍ വിദഗ്ധയുമായ അനിത റെഡ്ഡി. ഇതിനായി 1999 ല്‍ രൂപം കൊടുത്തതാണ് ദ്വാരക(ഡെവലപ്‌മെന്റ് ഓഫ് വീവേഴ്‌സ് ആന്‍ഡ് റൂറല്‍ ആര്‍ട്ടിസന്‍സ് ഇന്‍ കലംകാരി) എന്ന എന്‍ജിഒ. കലംകാരി ചിത്രങ്ങള്‍ വരയ്ക്കുന്നവരെ ശാക്തീകരിക്കുക, കലംകാരിയ്ക്ക് പുനര്‍ജീവനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംഘടനയ്ക്ക് രൂപം കൊടുത്തത്.

               അനിത റെഡ്ഡി ദ്വാരകയിലെ അംഗങ്ങള്‍ക്കൊപ്പം

കലംകാരി ചിത്രപ്പണികളോട് അടങ്ങാത്ത ഭ്രമമാണ് തനിക്കെന്ന് അനിത പറയുന്നു. നൂറോളം സ്ത്രീകളാണ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മനോഹരങ്ങളായ മരങ്ങളും മയിലുകളും ദേവതാരൂപങ്ങളുമൊക്കെ മൃദുവായ പരുത്തിത്തുണികളില്‍ ചായങ്ങള്‍ക്കൊണ്ട് ചിത്രീകരിക്കുകയാണവര്‍. അന്യം നിന്നുപോകുന്ന കലംകാരി വിദ്യയെ കുറിച്ച് ബെംഗളൂരു സ്വദേശിനിയായ അനിത അറിയുന്നത് ഒരു കലംകാരി കലാകാരനിലൂടെയാണ്. ആന്ധ്രയിലെ കാളഹസ്തിയില്‍ താമസിക്കുന്ന, കരകൗശലവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഇടിവിനെക്കുറിച്ച് അനിത കൂടുതല്‍ മനസ്സിലാക്കി. അച്ഛന്‍ ദ്വാരകാനാഥ് റെഡ്ഡിയുടെ പിന്തുണയും അനിതയ്ക്ക് ലഭിച്ചിരുന്നു. കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ശാക്തീകരിക്കണമെന്ന് അനിത ഉറപ്പിച്ചു.

ദ്വാരകനാഥിന്റെ മേല്‍നോട്ടത്തില്‍, രമണമഹര്‍ഷിയോടുള്ള ആദരസൂചകമായി നടത്തപ്പെടുന്ന രമണാര്‍പ്പണം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രാദേശിക കലാകാരന്മാരെ ഒരുമിച്ചുചേര്‍ത്ത് പരിശീലിപ്പിച്ചു. സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്. പരമ്പരാഗതമായി പുരുഷന്മാര്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്ന തൊഴില്‍ മേഖലയായിരുന്നു ഇത്. അവിടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കാനായി എന്നതാണ് പ്രധാന നേട്ടമെന്ന് അനിത പറയുന്നു. അവര്‍ക്ക് സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചു.

ശ്രീകലാഹസ്തി, മാച്ചിലിപട്‌നം എന്നിങ്ങനെ രണ്ട് ശൈലിയിലാണ് കലംകാരി വിദ്യകള്‍ നിലവിലുള്ളത്. ബ്ലോക് പ്രിന്റിങ് പാറ്റേണുകളാണ് സാധാരണയായി മാച്ചിലിപട്‌നം ശൈലിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. പുരാണകഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പരുത്തിത്തുണിയില്‍ ആലേഖനം ചെയ്യുന്നത് പേനയുപയോഗിച്ചാണ്. പ്രകൃതിദത്ത നിറങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. എരുമപ്പാലില്‍ കാരക പൂവ് ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ പരുത്തിത്തുണി മുക്കിയശേഷം പിഴിഞ്ഞെടുക്കുന്നു. ചായക്കൂട്ടുകള്‍ തുണിയില്‍ വേഗത്തില്‍ പറ്റിപ്പിടിക്കുന്നതിനുവേണ്ടിയാണിത്.

                        കലംകാരി ബാഗ്‌

പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. മഞ്ഞ നിറത്തിന് മാതളനാരങ്ങയും ചുവപ്പുനിറത്തിന് മഞ്ചെട്ടിയുമാണ് കലംകാരി തുണിത്തരങ്ങളില്‍ ഉപയോഗിക്കാറുള്ളത്. ചായക്കൂട്ടുകള്‍ തുണിയില്‍ പിടിക്കുന്നതിന് ആലമാണ് ഉപയോഗിക്കുന്നത്. അതിന് ശേഷം ഒഴുക്കുള്ള വെള്ളത്തില്‍ കഴുകിയെടുക്കുന്ന തുണി നല്ല സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കും. തുടര്‍ന്ന് വലിയ പാത്രത്തില്‍ വെള്ളം ചൂടാക്കി തുണി അതിലിട്ട് പുഴുങ്ങിയെടുക്കും. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ തുടര്‍ന്നും തുണി കഴുകിയശേഷം വെയിലത്തിട്ട് ഉണക്കും. അത്രമാത്രം കഠിനാധ്വാനത്തിന് ശേഷമാണ് ഓരോ കലംകാരി തുണിത്തരങ്ങളും വിപണിയിലെത്തുന്നതെന്ന് അനിത പറയുന്നു.

ബെംഗളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ദ്വാരകയ്ക്ക് സ്റ്റോറുകളുണ്ട്. സാമൂഹ്യരംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2011 ലാണ് അനിത പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത്. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി അസോസിയേഷന്‍ ഓഫ് വോളണ്ടറി ആക്ഷന്‍ ആന്‍ഡ് സര്‍വീസസ് എന്ന സംഘടനയ്ക്കും അനിത രൂപം നല്‍കിയിട്ടുണ്ട്. കര്‍ണാടകമുഖ്യമന്ത്രിയായിരുന്ന കെ. സി. റെഡ്ഡിയുടെ മകന്‍ പ്രതാപ് റെഡ്ഡിയാണ് ഭര്‍ത്താവ്. പൂജ, സിദ്ധാര്‍ഥ്, റാം എന്നിവരാണ് മക്കള്‍.