ബീറ്റ്‌റൂട്ട് കഴിക്കാം

Tuesday 13 June 2017 6:47 pm IST

ബീറ്റ്‌റൂട്ടിന്റെ നിറം ആരേയും ഒന്ന് മോഹിപ്പിക്കും. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ കാക്കാന്‍ ഈ പച്ചക്കറിയ്ക്ക് അപാര കഴിവുണ്ട്. യൂറോപ്പാണ് ജന്മദേശം. 19-ാം നൂറ്റാണ്ടില്‍ റോമാക്കാരാണ് ബീറ്റ്‌റൂട്ട് ആദ്യമായി കൃഷി ചെയ്തതെന്ന് പറയപ്പെടുന്നു. ഏറ്റവും ഉയര്‍ന്ന തോതില്‍ മധുരം അടങ്ങിയ പച്ചക്കറിയാണിത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന ബീറ്റ്‌റൂട്ടിന്റെ ഗുണമേന്മ ഇന്ന് പലരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ശരീരം ശുദ്ധമാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. ചുവന്ന രക്തകോശങ്ങളെ ഉത്തേജിപ്പിക്കുന്നിതിനോടൊപ്പം ഓജസ്സും നല്‍കുന്നു. കാലറിയും കൊഴുപ്പും കുറവാണ്. ഫൈബര്‍ ധാരാളമടങ്ങിയിരിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവര്‍ത്തിച്ച് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ബീറ്റ്‌റൂട്ടിന് കഴിയും. നൈട്രേറ്റ് ധാരാളമിതില്‍ അടങ്ങിയിട്ടുണ്ട്. പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം ഇവ കുറയ്ക്കാന്‍ നൈട്രേറ്റ് സഹായിക്കുന്നു. രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തപ്രവാഹം സുഗമമാക്കുന്നതിനും നിട്രിക് ഓക്‌സൈഡ് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായകമാണ്. പ്രമേഹരോഗികള്‍ക്കും ധൈര്യത്തോടെ ഉപയോഗിക്കാം ബീറ്റ്‌റൂട്ട്. ഇതിലെ മധുരം അപകടകാരിയല്ല. ഇരുമ്പ്, പൊട്ടാസ്യം, മാംഗ്നീസ് എന്നിങ്ങനെ ആരോഗ്യത്തിന് അത്യാവശ്യമായ മിനറല്‍സ, പ്രോട്ടീനുകള്‍ എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കേശസംരക്ഷണത്തിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്. വെള്ളത്തില്‍ കുറച്ച് ബീറ്റ്‌റൂട്ട് കഷ്ണങ്ങള്‍ ഇട്ട് തിളപ്പിക്കുക. ചൂടാറുമ്പോള്‍ ഈ ദ്രാവകം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസ്, വിനാഗിരി, ഇഞ്ചിനീര് എന്നിവ യോജിപ്പിച്ച മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിട്ടിന് ശേഷം കഴുകി കളയുക. മുടിയുടെ സംരക്ഷണത്തിന് ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്. വൈറ്റമിന്‍ സിയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. കൂടാതെ വൈറ്റമിന്‍ എ യും കെ യും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പാചകം ചെയ്ത് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുന്നതാണ്. രക്തശുദ്ധീകരണത്തിനും കരളിന്റെ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.