ആത്മരതിയാണ് ഭക്തി

Tuesday 13 June 2017 7:59 pm IST

ആത്മരത്യവിരോധനേതി ശാണ്ഡില്യ: വിഘ്‌നങ്ങളൊന്നും കൂടാതെ, തര്‍ക്കങ്ങളൊന്നും കൂടാതെ ആത്മാവില്‍ തന്നെ രമിക്കുന്നതാണ് ഭക്തി എന്നാണ് ശാണ്ഡില്യാചാര്യന്റെ അഭിപ്രായം. ഏതു കാര്യങ്ങളും പ്രത്യേകിച്ച് സദുദ്ദേശ്യത്തോടെയുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ആ തടസ്സങ്ങളെ തരണം ചെയ്യാന്‍ കഠിന ശ്രമങ്ങള്‍ നടത്തേണ്ടി വരാറുണ്ട്. എന്നാല്‍ സമര്‍പ്പണ ബുദ്ധിയോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഈ തടസ്സങ്ങള്‍ ബാധകമല്ല. സമ്പൂര്‍ണ സമര്‍പ്പണമായിരിക്കണമെന്നുമാത്രം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറഞ്ഞില്ലേ '' കര്‍മണ്യേവാധികാരസ്‌തേ മാഫലേഷു കഥാചന'എന്ന്. ഫലം എന്തെന്ന് ചിന്തിച്ച് വിഷമിക്കാതെ കര്‍മം ചെയ്തു കൊളളൂ, അതിനു മാത്രമാണ് നിന്റെ അധികാരം. പാലാഴി മഥനക്കാലത്ത് ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പ്രത്യേകം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരുമിച്ചുനിന്നു പോരാടി അമൃത് കൈക്കലാക്കി സ്വന്തക്കാര്‍ക്കുമാത്രം നല്‍കുവാനായിരുന്നു ഇരുക്കൂട്ടര്‍ക്കും പരിപാടി. ഉള്ളില്‍ ആ ഉദ്ദേശ്യം വെച്ചുകൊണ്ടാണ് അവര്‍ കടഞ്ഞത്. എന്നാല്‍ കാളകൂടം വിഷം വന്നപ്പോള്‍ എല്ലാവരും ഒളിച്ചോടാന്‍ മാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്നു. പ്രപഞ്ചത്തിന്റെ രക്ഷയാണ് പ്രധാനമെന്ന് സങ്കല്‍പ്പിച്ചിറങ്ങിയ ശ്രീപരമേശ്വരന് ആ വിഷം ഏറ്റുവാങ്ങി ഭക്ഷിക്കാന്‍ ഒരു മടിയും ഉണ്ടായില്ല. തനിക്കെന്തു സംഭവിക്കുന്നുവെന്നത് വിഷയമല്ലായിരുന്നു. പ്രപഞ്ചത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ശ്രീപരമേശ്വരന്റേത്. പരമാത്മാവില്‍ തന്നെ ലയിച്ചിരിക്കാന്‍ കിട്ടുന്ന അവസരമായി കരുതി ഭഗവാന്‍ അത് ഏറ്റുവാങ്ങി. തന്റെ ആത്മരതിയ്ക്ക് മറ്റ് യാതൊന്നും തടസമായില്ലെന്നും ആകാന്‍ പാടില്ലെന്നും ഭഗവാന്‍ നിശ്ചയിച്ചിരുന്നു. ആ ആത്മാരാമന്റെ സന്തോഷത്തിനു മുന്നില്‍ മറ്റു തടസ്സങ്ങള്‍ക്കൊന്നും നിലനില്‍പ്പില്ല. ആത്മരതി അവിരോധനത്തിലൂടെ എന്ന് ശാണ്ഡില്യ മഹര്‍ഷി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. നമുക്കും തുടക്കത്തില്‍ പ്രാര്‍ത്ഥനകളില്‍ കടുത്ത തടസ്സങ്ങളുണ്ടാകാം. അതിനെ വിഗണിച്ചുകൊണ്ട് തുടരുമ്പോള്‍ കുറച്ചുകഴിഞ്ഞാല്‍ സമര്‍പ്പണ ബുദ്ധിവന്നുതുടങ്ങും. അതാണ് ഭക്തി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.