നിയമവാഴ്ചയ്ക്കും അമ്പത്തൊന്ന് വെട്ട്

Tuesday 13 June 2017 8:48 pm IST

ക്രിമിനല്‍ ഭരണം എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുന്നതെന്നറിയണമെങ്കില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതി. ഓരോ ദിവസവും ഓരോ തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ഭരണത്തിന്റെ കെടുതികളെക്കുറിച്ച് പ്രതിഷേധം ഉയരുന്നതിനു മുന്‍പുതന്നെ അക്രമങ്ങളിലൂടെ ശ്രദ്ധ തിരിച്ചുവിടാനാണ് തകൃതിയായി നീക്കം നടത്തുന്നത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകിടംമറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. സംസ്ഥാനത്തെ അടുത്തിടെയുള്ള സ്ഥിതിവിശേഷങ്ങളിലൂടെ കണ്ണോടിച്ചാല്‍ തന്നെ ഇതിന്റെ ഭീതിദമായ മുഖം കാണാനാവും. സാധാരണക്കാരുടെ സൈ്വരവും സമാധാനവും നഷ്ടപ്പെടുന്നതോടെ പാര്‍ട്ടിയുടെയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിന്റെയും സ്വഭാവം ചര്‍ച്ചാവിഷയമാകുന്നതില്‍ നിന്ന് രക്ഷപ്പെടാം എന്നായിരിക്കുന്നു. പുറത്ത് പാര്‍ട്ടിക്കാരുടെ ഗുണ്ടായിസമാണെങ്കില്‍ ഉള്ളില്‍ അതിനേക്കാള്‍ ഭീകരമായ സംഭവവികാസങ്ങളാണ്. സിപിഎമ്മിനുവേണ്ടി അങ്കക്കോഴികളായവരെ എങ്ങനെയും സംരക്ഷിക്കാനായി കരാറെടുത്തിരിക്കുന്ന അവസ്ഥ സുപരിചിതമാണ്. അത്തരക്കാര്‍ തല്‍ക്കാലം ജയിലില്‍ കഴിയുന്നുണ്ടെങ്കിലും പുറത്തുള്ളതിനേക്കാള്‍ സ്വാതന്ത്ര്യമാണ് കിട്ടുന്നത്. 51 വെട്ട് വെട്ടി ടി. പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികള്‍ക്കായി ജയിലില്‍ ഒരുക്കിക്കൊടുത്തിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ക്രിമിനലുകള്‍ക്ക് ഔദ്യോഗികസംവിധാനം ദുരുപയോഗപ്പെടുത്തി എല്ലാ സൗകര്യങ്ങളും അനുവദിച്ചുകൊടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ക്രൂരമുഖം അനാവൃതമാവുകയാണ്. അങ്ങേയറ്റത്തെ കുടിലതയാണ് പാര്‍ട്ടി വച്ചുപുലര്‍ത്തുന്നതെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. രാജ്യത്തെ നിയമവും നീതിയും തങ്ങള്‍ പറയുന്നതിനനുസരിച്ചു മാത്രമേ മുന്നോട്ടുപോകാവൂ എന്നാണവര്‍ നിഷ്‌കര്‍ഷിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടി.പി. കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ ജയിലില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍. ടി.പി. വധക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി അണ്ണന്‍ സിജിത്ത്, ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബാസിത് അലി എന്നിവരില്‍ നിന്ന് ഫോണും സിം കാര്‍ഡും കഴിഞ്ഞ ദിവസം പിടിച്ചെടുക്കുകയുണ്ടായി. പാര്‍ട്ടി ഒത്താശക്കാരുടെ ഏതു കാര്യവും സാധിച്ചുകൊടുക്കാന്‍ മാത്രം പ്രാമുഖ്യം നല്‍കുന്ന ഒരു സംവിധാനം കേരളത്തിലെ ജയിലുകളില്‍ നേരത്തെ തന്നെയുണ്ട്. അതിനായി സിപിഎമ്മിന് അധികാരം കിട്ടുമ്പോള്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരെ അവിടെയൊക്കെ നിയമിക്കുക പതിവുണ്ട്. പാര്‍ട്ടിക്കാരല്ലാത്തവരെ ദ്രോഹിക്കാനും മറ്റും അവര്‍ തയാറാവുന്നതിനെക്കുറിച്ച് നേരത്തെ എത്രയോ വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ജയില്‍ ഉപദേശക സമിതികളില്‍ കൊടും ക്രിമിനലുകളെപ്പോലും ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ അട്ടിമറിക്കാറുമുണ്ട്. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും മറ്റുമാണ് ഫലം. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മൗനം പാലിക്കാറാണ് പതിവ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. സൂപ്രണ്ട് എസ്. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആദ്യം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ചിലരെ ചോദ്യം ചെയ്തതോടെയാണ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് അറിയാനിടയായത്. ടി.പി. കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഓപ്പറേഷന്‍ ഭംഗിയായി നിര്‍വഹിക്കാനാവും; പ്രതികളെ പിടികിട്ടുകയുമില്ല. കാലങ്ങളായി പാര്‍ട്ടി നടത്തിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. അതുതന്നെയാണ് അവരുടെ വിജയവും. പോലീസ് മേധാവിയെപ്പോലും നിയന്ത്രിക്കാന്‍ പോന്ന രാഷ്ട്രീയ ദുഷ്ടലാക്കുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, ഈ സംസ്ഥാനത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ഗുണ്ടാസംസ്‌കാരത്തിന്റെ നേരവകാശികളായ സിപിഎം സംസ്ഥാനത്തെ തങ്ങളുടെ പേശീബലത്താല്‍ വീര്‍പ്പുമുട്ടിക്കുകയാണ്. തങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും പകല്‍ വെളിച്ചത്തില്‍ പോലും കയ്യേറാനും സാധനസാമഗ്രികള്‍ നശിപ്പിക്കാനും തയാറായിരിക്കുന്ന ഈ ഭീകരാവസ്ഥയില്‍നിന്ന് മോചനം വേണമെങ്കില്‍ ജനാധിപത്യാവബോധമുള്ളവര്‍ ഒന്നിച്ചു നിന്നെങ്കിലേ രക്ഷയുള്ളു. ജയിലില്‍ കഴിയുന്ന ക്രിമിനലുകള്‍ക്കുപോലും സര്‍വതന്ത്ര സ്വാതന്ത്ര്യമുള്ളപ്പോള്‍, സാധാരണക്കാരുടെ അത്താണിയായി പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരെ പോലീസ് സംവിധാനം ഉപയോഗിച്ച് അടിച്ചൊതുക്കുകയാണ്. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമാവും. അതിന് ഇടവെയ്ക്കണോ എന്ന ചോദ്യത്തിനാണ് സാംസ്‌കാരിക കേരളം ഉത്തരം തേടേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.