മെട്രോ നയത്തില്‍ പ്രതീക്ഷയോടെ കൊച്ചിയും

Tuesday 13 June 2017 8:54 pm IST

കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മെട്രോ നയം കൊച്ചിയുടെ സ്വപ്‌ന പദ്ധതികള്‍ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ സാധ്യമാക്കി മെട്രോ നഗരങ്ങളുടെ വികസനം എളുപ്പമാക്കാനാണ് നയം. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ തുടര്‍ പദ്ധതികള്‍ക്കും ഈ നയം ഗുണം ചെയ്യും. ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയെക്കുറിച്ച് ആലോചിച്ചപ്പോള്‍തന്നെ മറ്റിടങ്ങളിലേക്ക് സര്‍വീസ് നീട്ടുന്നത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെ പരിഗണനയിലുണ്ടായിരുന്നു. പാലാരിവട്ടം മുതല്‍ കാക്കാനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ളതായിരുന്നു ആദ്യത്തേത്. ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കായിരുന്നു രണ്ടാമത്തേത്. പിന്നീട് പശ്ചിമ കൊച്ചിയിലേക്ക് മെട്രോ നീട്ടാനും പദ്ധതിയിട്ടു. ഇതിനിടെ ആലുവ മുതല്‍ പേട്ട വരെ എന്നതിന് പകരം തൃപ്പൂണിത്തുറ വരെ ആക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഇതും പരിഗണിച്ചു. ആദ്യഘട്ടമായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ് മറ്റു പദ്ധതികളെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള പ്രയാസമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍, പുതിയ മെട്രോ നയം ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പാലാരിവട്ടം മുതല്‍ കാക്കാനാട് വരെയുള്ള പദ്ധതിയില്‍ ചെറിയ മാറ്റം വരുത്തി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയാക്കി മാറ്റി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതിയും നല്‍കി. മെട്രോ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ നിര്‍മ്മാണമെന്നാണ് വിവരം. അതുകൊണ്ടുതന്നെ, ആദ്യഘട്ടത്തേക്കാള്‍ ഇരട്ടി വേഗം ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷ. മെട്രോ നയം സംബന്ധിച്ച് മെട്രോ മാന്‍ ഇ. ശ്രീധരനില്‍ നിന്ന് കേന്ദ്രം നിര്‍ദ്ദശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ മെട്രോ നയത്തിന് അന്തിമ രൂപമാകുമെന്നാണ് പ്രതീക്ഷ.

പേട്ട വരെ ഇനി എത്ര നാള്‍

മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട കൊച്ചി മെട്രോയുടെ ആദ്യഘട്ടം അഞ്ചാം വര്‍ഷത്തിലേക്ക് നീണ്ടതോടെ നിര്‍മ്മാണച്ചെലവും ഏറിവരികയാണ്. 5182.79 കോടി രൂപയാണ് 25.6 കിലോമീറ്റര്‍ ദൂരമുള്ള ആലുവ- പേട്ട മെട്രോ റെയില്‍ നിര്‍മ്മാണത്തിന് കണക്കാക്കിയിരുന്നത്. എന്നാല്‍, ഇതുവരെ മൂവായിരം കോടിയിലധികം രൂപ ചെലവായിക്കഴിഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ മാത്രമാണ് യാഥാര്‍ത്ഥ്യമായത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള നിര്‍മ്മാണം നടക്കുന്നുണ്ട്. എന്നാല്‍ മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെയുള്ള നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. നിര്‍മ്മാണം ഇനിയും വൈകിയാല്‍ പദ്ധതിത്തുക ഇരട്ടിയാകും. മാഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെയുള്ള ചില ഭാഗങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കൂടാതെ ചമ്പക്കര ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഓവര്‍ ബ്രിഡ്ജ് തയ്യാറാക്കണം. ഇതിന് മുകളിലൂടെയാണ് മെട്രോയ്ക്കുള്ള ആകാശ പാത നിര്‍മ്മിക്കേണ്ടത്. ഇതിന്റെ സ്ഥലം ഏറ്റെടുക്കലും പൂര്‍ത്തിയായിട്ടില്ല.

ഡിഎംആര്‍സി ഒരു മുഴം മുമ്പേ

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മെട്രോയെക്കാള്‍ വേഗത്തിലാണ് പായുന്നത്. പേട്ട വരെ മെട്രോ എത്തിക്കുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ ടെന്‍ഡര്‍ ചെയ്തുകഴിഞ്ഞു. ആറു കമ്പനികളാണ് ടെന്‍ഡറില്‍ പങ്കാളിയായിട്ടുള്ളത്. നിര്‍മ്മാണത്തിന് തുക കുറച്ച് വെയ്ക്കുന്ന കമ്പനിയെയല്ല ഡിഎംആര്‍സി ലക്ഷ്യമിടുന്നത്. പകരം, നല്ല നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കുന്ന കമ്പനികളെയാണ് അവര്‍ നോട്ടമിടുന്നത്. കമ്പനികള്‍ സമര്‍പ്പിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതികവശങ്ങള്‍ ദല്‍ഹിയില്‍ പരിശോധിച്ചുവരികയാണ്. ഇതിനുശേഷം ടെന്‍ഡര്‍ ഉറപ്പിക്കും. നിര്‍മ്മാണം തുടങ്ങുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന പ്രതീക്ഷയിലാണിത്.

ജലമെട്രോവരും; യാത്രകള്‍ ഒരു കുടക്കീഴിലേക്ക്

ട്രെയിന്‍, ബസ്, ബോട്ട്... എല്ലാ ഗതാഗത സംവിധാനങ്ങളെയും ഒരു കുടക്കീഴിലാക്കാനുള്ള പദ്ധതികള്‍ക്ക് കെഎംആര്‍എല്‍ രൂപം നല്‍കിയിട്ടുണ്ട്. മെട്രോ ട്രെയിനിലെത്തുന്നവര്‍ക്ക് തുടര്‍യാത്ര ഒരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. ജലമെട്രോയാണ് ഇതില്‍ പ്രധാനം. പശ്ചിമ കൊച്ചിയിലെ 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ചാണ് ജല മെട്രോ വരുന്നത്. വേഗമേറിയ അത്യാധുനിക ബോട്ടുകള്‍, നവീകരിച്ച ബോട്ടുജെട്ടികള്‍, 18 ബോട്ട് ഹബ്ബുകള്‍, ബോട്ടുഹബ്ബിലേക്ക് പുതിയ റോഡുകള്‍ തുടങ്ങിയവയാണ് ജലമെട്രോ പദ്ധതിയിലുള്ളത്. ഇതിനായി 819.27 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ലുവിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഇതിനുള്ള കണ്‍സള്‍ട്ടന്‍സിയേയും നിയമിച്ചു. നാലുവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും. മെട്രോ ട്രെയിനിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്കായി മെട്രോ ബസ്സുകളും ഓട്ടോറിക്ഷകളുമുണ്ടാകും. ഇതിനായി ബസ് കമ്പനിക്കും ഓട്ടോറിക്ഷാ കമ്പനിക്കും കെഎംആര്‍എല്‍ രൂപം നല്‍കിയിട്ടുണ്ട്. സ്വന്തമായി ചെറുബസ് വാങ്ങുന്നതും പരിഗണനയിലുണ്ട്. (യാത്രാദുരിതം കുറയ്ക്കുന്നതിനായി വന്ന മെട്രോയുണ്ടാക്കിയ ദുരിതങ്ങള്‍ ചില്ലറയല്ല. അതേക്കുറിച്ച് നാളെ)    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.