ബ്രഹ്മപുരം: വിജിലന്‍സ്‌ അന്വേഷണം പരിഗണനയില്‍

Wednesday 13 July 2011 11:55 am IST

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പില്‍ 18 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതിനെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസരമലിനീകരണം തടയുന്നതിന്‌ പ്ലാന്റില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം നിയമസഭയെ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ അറിയിച്ചു. പരിസ്ഥിതിക്ക്‌ കോട്ടംതട്ടാതെയുള്ള ജലവൈദ്യുത പദ്ധതികള്‍ക്കാണ്‌ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്ന്‌ വൈദ്യുതി മന്ത്രിക്ക്‌ വേണ്ടി മറുപടി പറഞ്ഞ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. 20 കോടിയോളം രൂപ മുതല്‍മുടക്കിയാണ് കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു കൊല്ലം കഴിയുന്നതിന് മുമ്പുതന്നെപ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങി. മാലിന്യസംസ്‌കരണ പ്ലാന്റ് പണിയുന്നതിനുള്ള കോണ്‍ട്രാക്ടിലെ അഴിമതിയും നിര്‍മാണത്തിലെ അപാകങ്ങളും നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. പ്ലാന്റ് നിര്‍മാണം സംബന്ധിച്ച കരാര്‍ ചര്‍ച്ചകളും ധാരണകളും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയമായി കോര്‍പ്പറേഷന്‍ ഓഫീസിനു പുറത്താണ് നടന്നതെന്നും പരാതി ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.