യാത്രക്കാരെ വലക്കുന്ന പുത്തനങ്ങാടി-പഴയപള്ളി റോഡ്

Tuesday 13 June 2017 9:26 pm IST

കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി പഴയപള്ളി റോഡ് തകര്‍ന്നിട്ട് നാളുകളായിട്ടും അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഈ റോഡിലൂടെയുള്ള യാത്ര ദുസഹമാണ്. ഈ ഭാഗത്ത് രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ വീഴുന്നതും പതിവായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന ഈ റോഡിലെ കുഴിയിലകപ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇടുങ്ങിയ റോഡിലെ കുഴികളില്‍ മഴപെയ്ത് കഴിഞ്ഞാല്‍ വെള്ളം കെട്ടി നില്‍ക്കും. കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവായിരിക്കുകയാണ്. റോഡിലെ മെറ്റല്‍ ഇളകിക്കിടക്കുന്നതും അപകട ഭീഷണിയുണ്ടാക്കുന്നു. ബസ് സ്റ്റാന്റില്‍ നിന്നും പഴയപള്ളിയിലേക്കുള്ള വഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതും കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. താഴ്ന്ന് കിടക്കുന്ന ഈ ഭാഗത്തെ വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമൊരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കെട്ടികിടക്കുന്ന കോണ്‍ക്രീറ്റ് റോഡിന്റെ ഭാഗത്ത് വലിയ കുഴികളും രുപപ്പെട്ടിട്ടുണ്ട്. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. നിരവധിപേര്‍ ആശ്രയിക്കുന്ന ഈ റോഡ് തകര്‍ന്നിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഓട സംവിധാനമില്ലാത്തത് റോഡ് തകരുന്നതിന് കാരണമാകുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.