സിഖ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കും: നയ്യാര്‍

Sunday 15 July 2012 10:36 pm IST

ജലാന്തര്‍: തന്റെ ആത്മകഥയിലെ സിഖ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന്‌ പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ കുല്‍ദീപ്‌ നയ്യാര്‍. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സിഖ്‌ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്‌ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. തന്റെ ആത്മകഥയായ ?ബിയോണ്ട്‌ ദി ലൈന്‍സ്‌ ? എന്ന പുസ്തകത്തില്‍ നയ്യാര്‍ പരാമര്‍ശിച്ച ചില കാര്യങ്ങളില്‍ സിഖ്‌ സമുദായം ശക്തമായ പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ്‌ നടപടി. പുസ്തകത്തിന്റെ അടുത്ത എഡിഷന്‍ മുതല്‍ ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന്‌ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. നയ്യാര്‍ക്ക്‌ വേണ്ടി മുതിര്‍ന്ന പഞ്ചാബി മാധ്യമപ്രവര്‍ത്തകനായ സത്നാം മനാക്കാണ്‌ പ്രസ്താവന എഴുതി തയ്യാറാക്കിയത്‌. സിഖ്‌ സമുദായത്തിന്‌ നീതി ഉറപ്പാക്കാനും അവരുടെ ന്യായയുക്തമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയും എന്നും നിലകൊണ്ട വ്യക്തിയാണ്‌ താനെന്ന്‌ നയ്യാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്‌. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സമയത്തും സിഖ്‌ കൂട്ടക്കൊല നടക്കുമ്പോഴും ഐ.കെ.ഗുജ്‌റാള്‍, ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്കൊപ്പം സിഖ്‌ സമുദായത്തിനായി താന്‍ വാദിച്ചിരുന്നതായും അദ്ദഹം ഓര്‍മ്മിപ്പിക്കുന്നു. സിഖ്‌ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യം തനിക്കില്ല എന്നും അറിഞ്ഞോ അറിയാതെയോ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പ്‌ ചോദിക്കുന്നതായും കുല്‍ദീപ്‌ നയ്യാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.