ഖത്തര്‍-പ്രശ്‌നങ്ങളും പ്രതീക്ഷകളും

Tuesday 13 June 2017 11:39 pm IST

ജീവിതം പറിച്ചു മാറ്റപ്പെട്ട്് സ്വന്തം നാട് മനസിലിട്ട് അന്യനാട്ടിലെ താല്‍ക്കാലിക മനുഷ്യരായിപ്പോകുന്നവരുടെ കഥ ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് ദീപക് ഉണ്ണികൃഷ്ണന്റെ നോവല്‍ താല്‍ക്കാലിക മനുഷ്യര്‍. ഏതുനിമിഷവും പ്രതിസന്ധിപ്രതീക്ഷിക്കുകയും അങ്ങനെ ഒന്നുണ്ടാവില്ലെന്നു മനപ്പൂര്‍വം വിശ്വസിക്കുന്നവരുമാണ് പ്രവാസികള്‍. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായ പ്രതിസന്ധിയും നിരോധനവുമൊക്കെ ഉണ്ടാകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് അത്തരം നിരോധനം ഉണ്ടായ നാട്ടിലെ ജനങ്ങളാണ്. കൂടുതലും പ്രവാസികള്‍. ആറുലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതില്‍ മൂന്നു ലക്ഷവും മലയാളികളാണ്. സ്വാഭാവികമായും അവര്‍ ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്കു വേഗം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്്. ഇന്ത്യക്കാരുടെ കാര്യത്തില്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രി സുഷമസ്വരാജും നല്‍കുന്ന കരുതലാണ് അവര്‍ക്കു കൂടുതല്‍ ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഈ ഉപരോധത്തെ എതിര്‍ക്കുന്നവരും പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനും ഇടപെടുന്നവരുമുണ്ട്. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ജീവിത പ്രശ്‌നങ്ങളെ ഇത്തരം നിരോധനം ബാധിക്കുമെന്നതിനാല്‍ പൗരന്മാരുടെ അവകാശങ്ങളെയാണ് ഇതു കവരുന്നതെന്നുന്നു ചൂണ്ടിക്കാട്ടി ആംനെസ്റ്റി രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്്. പക്ഷേ അമേരിക്കയുടെ നിലപാട് ആദ്യംമുതലേ വേറൊന്നാണ്. ഖത്തറിനെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും ഒറ്റപ്പെടുത്തിയതിനുശേഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ നിറചിരിയോടെ പ്രഖ്യാപിച്ചത് തന്റെ വിദേശ പര്യടനം ഫലവത്തായി എന്നാണ്. സൗദിയിലേക്കു ചെന്നാണ് ട്രംപ് തന്റെ വിദേശ സന്ദര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് അവിടെ നിന്നും നേരെപോയത് ഇസ്രയേലിലേക്കാണ്. സന്ദര്‍ശനമൊക്കെ കഴിഞ്ഞ് ട്രംപ് സ്വന്തം നാട്ടിലെത്തിയ ഉടനെയാണ് ഭീകരതയുടെ പേരില്‍ ഖത്തറിനെ സൗദിയും സഖ്യരാജ്യങ്ങളും ഒറ്റപ്പെടുത്തിയ വാര്‍ത്തകേട്ടത്. ഭീകരതയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിപ്പിടിച്ചാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റായശേഷവും അമേരിക്കയുടെ പ്രധാന അജണ്ടയായി ഭീകരതയ്‌ക്കെതിരെ തന്നെയാണ് അദ്ദേഹം സംസാരിച്ചതും. വിദേശ പര്യടനങ്ങളില്‍ ഊന്നിപ്പറഞ്ഞതും ഭീകരവേട്ടയാണ്. അതുകൊണ്ട് ഖത്തറിനോടുള്ള സൗദിയുടേയും മറ്റു രാജ്യങ്ങളുടേയും നിലപാട് അമേരിക്കയെ സുഖിപ്പിക്കുകയാണ്. ഈജിപ്ത്, ബഹ്‌റിന്‍എന്നീരാജ്യങ്ങളും പിന്നീട് ലിബിയയും മാലി ദ്വീപും സഖ്യത്തോടു ചേരുകയുണ്ടായി. തീവ്രവാദികളായ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ഖത്തറിനു ചങ്ങാത്തമുള്ള 59വ്യക്തികളുടേയും 12സംഘടനകളുടേയും പട്ടിക ഈ രാജ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഖത്തറിനോടുള്ള നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഖത്തറിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ യുഎഇയും സൗദിയും കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്്. കര, ജല, വ്യോമഗതാഗതംപോലും ഈ രാജ്യങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. സാധാരണക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്നുള്ള തിരിച്ചറിവാണ് അമേരിക്കയുടെ അയവിനു കാരണം. യാത്രയും വ്യാപാരവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇതിന്റെ പേരില്‍ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നും അമേരിക്കയ്ക്കു ആശങ്കയുണ്ട്. എന്നാലും ട്രംപിന്റെ നാവിനു മൂര്‍ച്ച കുറഞ്ഞിട്ടില്ല. ഖത്തര്‍ ഭീകരവാദത്തിന്റെ വന്‍ സ്‌പോണ്‍സറാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് തുന്നടിച്ചു. കുൈവറ്റാണ് ഖത്തറിനുവേണ്ടി സമാധാന ശ്രമങ്ങള്‍ക്കായി ആദ്യം രംഗത്തു വന്നത്. ഇതിനിടയില്‍ ഖത്തറിനുള്ള ഭക്ഷണ വസ്തുക്കളുമായി ഇറാന്‍ അഞ്ചുവിമാനങ്ങളയച്ചു. വലിയതോതില്‍ പച്ചക്കറിയാണ് ഇങ്ങനെ അയച്ചിരിക്കുന്നത്. എന്നാല്‍ യു.എന്‍ പറയുന്നത് സൗദി സഖ്യത്തിന്റെ തീവ്രവാദപ്പട്ടിക അംഗീകരിക്കില്ലെന്നാണ്. തീവ്രവാദത്തിന്റെ പേരില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് തുര്‍ക്കി പറയുന്നത്. ഭീകരവാദികള്‍ ലോകത്തെ കശാപ്പുചെയ്യുന്നതിനു കോപ്പു കൂട്ടുമ്പോള്‍ നിരവധി ജീവല്‍ പ്രശ്‌നങ്ങള്‍ക്കിടയ്ക്കും ഭീകരവാദികള്‍ക്കു കൂട്ടു നില്‍ക്കുന്ന രാജ്യങ്ങളുണ്ടെങ്കില്‍ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ അനിവാര്യമാണെന്നു പറയുന്നവരുമുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.