കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങി

Wednesday 14 June 2017 7:58 am IST

കോഴിക്കോട് സിപിഎം ഓഫീസ് അക്രമത്തിലെ ദുരൂഹത തുറന്നുകാട്ടി ജൂണ്‍ 10ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപിക്കാര്‍ ബോംബെറിഞ്ഞു തകര്‍ത്തുവെന്ന ആരോപണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്ത ശരിവെച്ച് കേസ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നീക്കം. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് പോലീസ് കമ്മീഷണര്‍ ജെ. ജയനാഥിനെ പെട്ടെന്ന് സ്ഥലം മാറ്റി. സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കത്തിന് കൂട്ടുനില്‍ക്കാത്തതാണ് കാരണം.

ഇക്കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി സമ്മേളനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സ്‌ഫോടനം നടന്നിട്ടുണ്ടോ എന്ന കാര്യം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് കമ്മീഷണര്‍ ജയനാഥ് വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ കുപ്രചാരണങ്ങള്‍ പൊളിക്കുന്ന നിലപാട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി. ഇതേത്തുടര്‍ന്നാണ് പൊടുന്നനെയുള്ള സ്ഥലം മാറ്റം.

സിപിഎം ഓഫീസിനു നേരെയുണ്ടായെന്ന് പറയുന്ന ആക്രമണം ജില്ലാ സെക്രട്ടറി പി. മോഹനനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ വന്നു സ്ഥലം മാറ്റ ഉത്തരവും.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്നിവരുടെ പ്രസ്താവന അതേപടി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്‌ഫോടനം നടന്നെന്ന് പറയപ്പെടുന്നതിന് തൊട്ടുപിന്നാലെ ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രതികളെ പ്രഖ്യാപിച്ചിരുന്നു. ആര്‍എസ്എസ് തന്നെ വധിക്കാന്‍ നടത്തിയ നീക്കമായിരുന്നുവെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍എസ്-എസ് ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കാന്‍ തെളിവുകള്‍ ലഭിച്ചില്ല.അതോടെയാണ് സത്യം മൂടാനും കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രി തന്നെ ദൗത്യം ഏറ്റെടുത്തത്. പോലീസ് അന്വേഷണത്തിലുള്ള കേസില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചത്. കമ്മീഷണര്‍ ജയനാഥ് വഴങ്ങില്ലെന്നുറപ്പായപ്പോഴാണ് സ്ഥലം മാറ്റിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത തലശ്ശേരിയിലെ പൊതുയോഗത്തിന് നേരെയും അക്രമം നടന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച് വ്യാപകമായ അക്രമം നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് സീതാറാം യച്ചൂരിക്കെതിരെ അക്രമം നടന്നുവെന്നു പ്രചരിപ്പിച്ച് സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഎം ജില്ലാ സെക്രട്ടറി മോഹനനെതിരെ വധശ്രമം നടന്നതെന്ന് പ്രചരിപ്പിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ സിപിഎം വേട്ടയാടിയത്.

മോഹനനെ അക്രമിച്ചുവെന്ന് പ്രചരിപ്പിച്ച് ജില്ലയിലുടനീളം ആര്‍എസ്എസ്-ബിജെപി ഓഫീസുകള്‍ കയ്യേറുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു. എന്നിട്ടും ഓഫീസ് അക്രമിച്ച കേസില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ കഴിയാത്തതിന്റെ പ്രതികാരമായാണ് ജില്ലയിലെ പോലീസ് തലപ്പത്തുണ്ടായ അപ്രതീക്ഷിത അഴിച്ചുപണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.