എട്ടുകണ്ടമൊരുങ്ങി; ഓച്ചിറക്കളിയ്ക്ക് നാളെ തുടക്കം

Wednesday 14 June 2017 1:34 pm IST

കരുനാഗപ്പള്ളി: വീരപോരാട്ടങ്ങളുടെ സ്മരണ പുതുക്കി ഓച്ചിറകളിയ്ക്ക് നാളെ തുടക്കമാകും. കായംകുളം-വേണാട് രാജവംശങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കി ഓച്ചിറ പടനിലത്ത് നടക്കുന്ന ആഘോഷത്തിനായി പടനിലവും എട്ടു കണ്ടവും ഒരുങ്ങി. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതനിഷ്ഠയോടെയുള്ള കഠിനപരിശീലനമാണ് കളരികളില്‍ നടന്നത്. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ പടനിലത്തു നടക്കുന്ന അങ്കത്തില്‍ പങ്കാളികളാകും. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍ നിന്നുള്ള കളിസംഘങ്ങള്‍ സജീവമായി കഴിഞ്ഞു. മിഥുനം 1, 2 തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി അരങ്ങേറുന്നത്. അതിനു മുന്നോടിയായി ഇന്നലെ അഭ്യാസികള്‍ കളരി ആശാന്മാര്‍ക്ക് ദക്ഷിണ നല്‍കി കളരിപൂജ നടത്തി. നാളെ രാവിലെ പടനിലത്തേക്ക് പുറപ്പെടുന്ന പടയാളികള്‍ ക്ഷേത്രഭരണസമിതി ഓഫീസിനു മുന്നില്‍ അണിനിരക്കും. ഭരണസമിതി അംഗങ്ങളും ഭാരവാഹികളും ഇവരെ ആനയിച്ച് ആല്‍ത്തറകളും, ഒണ്ടിക്കാവും, എട്ടുകണ്ടവും വലംവച്ച് കളിക്കണ്ടത്തി ന്റെ ഇരുവശത്തുമായി അണിനിരക്കും. തുടര്‍ന്ന് കരനാഥന്മാരും, ക്ഷേത്രഭാരവാഹികളും, കണ്ടത്തിന്റെ മധ്യത്തിലെത്തി കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ പടയാളികള്‍ എട്ടുകണ്ടത്തിലേക്ക് എടുത്തു ചാടി പോരുവിളിച്ച് മടങ്ങും. രണ്ടാം ദിവസവും ചടങ്ങുകള്‍ ആവര്‍ത്തിച്ച് ഉച്ചയോടു കൂടി ഓച്ചിറ കളിയ്ക്ക് സമാപനമാകും. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓച്ചിറക്കളി അന്യംനില്‍ക്കാതെ സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികളാണ് ഓച്ചിറ ഭരണസമിതി രൂപം നല്‍കുന്നത്. അതിന്റെ ഭാഗമായി പ്രസിദ്ധമായ ചെട്ടികുളങ്ങര കുത്തിയോട്ടം പോലെ പരബ്രഹ്മത്തിന്റെ ഭക്തര്‍ക്ക് ഓച്ചിറക്കളി നേര്‍ച്ചയായി വീടുകളില്‍ അഭ്യസിപ്പിച്ച് ഓച്ചിറക്കളി ദിനത്തില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുവാനുള്ള അവസരം ഒരുക്കും. കൂടാതെ ഓച്ചിറക്കളി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ രണ്ടു കളറുള്ള വസ്ത്രം ഭരണസമിതി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.