ബജറ്റ് ചര്‍ച്ചയില്‍ നിന്നും പ്രതാപന്‍ വിട്ടുനിന്നു

Wednesday 13 July 2011 5:23 pm IST

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ടി.എന്‍.പ്രതാപന്‍ വിട്ടുനിന്നു. മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പ്രതാപന്റെ വിശദീകരണം. ബജറ്റിന്‍‌മേലുള്ള പൊതുചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്ന് ടി.എന്‍ പ്രതാപന് 13 മിനിട്ടാണ് പ്രസംഗത്തിനായി അനുവദിച്ചിരുന്നത്. എന്നാല്‍ തന്റെ സമയം മറ്റ് മുന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നല്‍കാന്‍ പ്രതാപന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി കെ.സി ജോസഫ് ഇക്കാര്യം സ്പീക്കറെ എഴുതി അറിയിച്ചു. ചെയറിലുണ്ടായിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതാപന്റെ സമയം മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കുകയാണെന്ന് അറിയിച്ചപ്പോള്‍ സഭയില്‍ ബഹളമായി. വര്‍ക്കല കഹാര്‍, വി.പി.സജീന്ദ്രന്‍, ഡൊമനിക്‌ പ്രസന്റേഷന്‍, എന്നീ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്കാണ് പ്രതാപന്റെ സമയം വീതിച്ചു നല്‍കിയത്. തീരദേശ മേഖലയെ അവഗണിച്ചുവെന്ന് കാണിച്ച് ടി.എന്‍ പ്രതാപന്‍ നേരത്തെ ബജറ്റിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തിരുത്തിയില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും ബജറ്റിനെ അനുകൂലിച്ച് സംസാരിക്കില്ലെന്ന് കാണിച്ച് പ്രതാപന്‍ മുഖ്യമന്ത്രിക്കും കെ.പി.സി.സി അധ്യക്ഷനും കത്ത് നല്‍കിയിരുന്നു. മാളയില്‍ കെ.കരുണാകരന്റെ പേരിലുള്ള സ്റ്റേഡിയത്തിന് ബജറ്റില്‍ പണം അനുവദിക്കാതിരുന്നതിലും പ്രതാപന് പ്രതിഷേധമുണ്ട്. വിവാദങ്ങള്‍ക്കിടെ ടി.എന്‍ പ്രതാപന്‍ കെ.എം മാണിയെ നേരിട്ട് കണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കെ.എം മാണി അറിയിച്ചിരുന്നത്. ഇതിനുള്ള പ്രതിഷേധമാണ് ഇന്നത്തെ ബജറ്റ് ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. എന്നാല്‍ മണ്ഡലവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന മറ്റൊരു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ്‌ ബജറ്റ്‌ ചര്‍ച്ചയില്‍ സംസാരിക്കാതിരിക്കുന്നതെന്ന്‌ ടി എന്‍ പ്രതാപന്‍ പിന്നീട് വിശദീകരിച്ചു.