മനുഷ്യരില്‍ മരുന്ന് പരീക്ഷണം പാടില്ല - സുപ്രീംകോടതി

Monday 16 July 2012 4:06 pm IST

ന്യൂദല്‍ഹി: മനുഷ്യരിലെ മരുന്ന്‌ പരീക്ഷണം തടയണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മനുഷ്യരില്‍ അനധികൃത മരുന്ന്‌ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി മനുഷ്യരെ ഗിനി പന്നികളെ പോലെ കാണരുതെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മനുഷ്യരിലെ മരുന്ന്‌ പരീക്ഷണത്തിന്‌ നിയമപരമായ മാര്‍ഗരേഖ കൊണ്ടു വരണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌. ഹര്‍ജിയിന്മേല്‍ നിലപാട്‌ അറിയിക്കാത്ത കേന്ദ്ര സര്‍ക്കാരിനെയും മദ്ധ്യപ്രദേശ്‌ സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ഹര്‍ജിയിന്മേല്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മനുഷ്യരിലെ മരുന്ന്‌ പരീക്ഷണംമൂലം രാജ്യത്ത്‌ 2,031 പേര്‍ മരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ രാജ്യത്തെ നിരവധി പേരില്‍ നടക്കുന്നുണ്ടെന്നും അത്‌ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.