കൊച്ചി കപ്പല്‍ശാലയില്‍ പുതിയ കപ്പലുകളുടെ നിര്‍മ്മാണം ആരംഭിച്ചു

Wednesday 14 June 2017 7:24 pm IST

കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 1200 പാക്‌സ് പാസഞ്ചര്‍ വെസ്സലിന്റെ സ്റ്റീല്‍ കട്ടിങിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു

കൊച്ചി: 1200 യാത്രക്കാരെയും 1000 ടണ്‍ ചരക്കും വഹിക്കാവുന്ന കപ്പലുകളുടെ നിര്‍മ്മാണോദ്ഘാടനം കൊച്ചി കപ്പല്‍ശാലയില്‍ നടന്നു. കേന്ദ്ര ഷിപ്പിങ്ങ് ആന്‍ഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദ്വീപ് സമൂഹത്തിന് വേണ്ടിയുള്ള അടുത്ത കപ്പലിന്റെ നിര്‍മ്മാണോദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു.

തൊഴിലാളി സംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ പ്രഥമ ഓഹരിവില്‍പന തീരുമാനം കൊച്ചി കപ്പല്‍ശാലയെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമല്ലെന്നും അങ്ങനെ ഒരു തീരുമാനം ഇല്ലെന്നും പൊന്‍ രാധാകൃഷണന്‍ പറഞ്ഞു.  ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് ഗവണ്മെന്റിനുവേണ്ടിയുള്ള കപ്പല്‍ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് നിര്‍മ്മാണം.

അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിതമായി തുറമുഖത്തെത്താന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളാണ് കപ്പലുകളില്‍ ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെഡ്‌സ് എന്ന സ്ഥാപനമാണ് കപ്പലുകളുടെ രൂപരേഖ തയ്യാറാക്കിയത്. ദ്വീപ്‌സമൂഹങ്ങള്‍ക്കായി 500 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ടു കപ്പലുകളുടെ പണി നടന്നുവരികയാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ സ്‌കീമില്‍ ഉള്‍പ്പെടുത്തിയതിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ്. നായര്‍ നന്ദി പറഞ്ഞു. സിഎസ്എല്‍ ഉദ്യോഗസ്ഥരും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികളും, ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളും എന്‍. സതീഷ്, ജോണ്‍ വര്‍ഗീസ്, രാജീവ് ടി.എസ്, വി.സി ജോണ്‍സണ്‍, പ്രദീപ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി കപ്പല്‍ശാല കോസ്റ്റ്ഗാര്‍ഡിനു വേണ്ടി ഇരുപതാമത്തെ കപ്പല്‍ നിര്‍മ്മിച്ചു നല്കിയിരുന്നു.