രാഹുലിനെ പപ്പുവെന്ന് വിളിച്ചു; കോണ്‍ഗ്രസ് നേതാവിന് സ്ഥാനം പോയി

Wednesday 14 June 2017 7:36 pm IST

ന്യൂദല്‍ഹി: ഉപാധ്യക്ഷന്‍ രാഹുലിനെ പപ്പുവെന്ന് വാട്‌സ്ആപ് ഗ്രൂപ്പില്‍ വിശേഷിപ്പിച്ച ഉത്തര്‍ പ്രദേശിലെ നേതാവിനെ ചുമതലകളില്‍നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയുടെമീററ്റ് ജില്ലാ പ്രസിഡണ്ടായ വിനയ് പ്രധാനെതിരെയാണ് നടപടി. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു സംഭവം. പക്വതയില്ലാത്ത രാഷ്ട്രീയ നേതാവെന്ന് ധ്വനിപ്പിക്കാന്‍ എതിരാളികള്‍ സോഷ്യല്‍ മീഡിയയിലടക്കം രാഹുലിനെ വിളിക്കുന്ന പേരാണ് പപ്പു. ''അദാനിയും അംബാനിയുമായും പപ്പുവിന് കൈകോര്‍ക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. പപ്പുവിന് മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നു. എന്നാല്‍ അദ്ദേഹം ആ വഴി തെരഞ്ഞെടുത്തില്ല. പകരം മന്‍സോറില്‍ പോകാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. വ്യക്തി താല്‍പര്യത്തിന് പകരം രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്''. ഇതായിരുന്നു പ്രധാന്‍ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന വാട്‌സ് ആപ് ഗ്രൂപ്പിലിട്ട പോസ്റ്റ്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതായിരുന്നു പോസ്‌റ്റെങ്കിലും നിരവധി തവണ പപ്പുവെന്ന് വിശേഷിപ്പിച്ചതാണ് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചത്. നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സന്ദേശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിനയ് പ്രധാന്‍ പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചതായി അച്ചടക്ക സമിതി അധ്യക്ഷന്‍ രാമകൃഷ്ണ ദ്വിവേദി പറഞ്ഞു. എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന് പ്രധാന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണ്. ഇത്തരം സന്ദേശം താന്‍ അയച്ചിട്ടില്ല. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യജമാണ്. താന്‍ രാഹുലിനെ ബഹുമാനിക്കുന്നു. പ്രധാന്‍ വിശദീകരിച്ചു. സംഭവത്തോടെ രാഹുലിന്റെ പപ്പുവെന്ന പേര് വീണ്ടും ചര്‍ച്ചയായി. കരസേനാ മേധാവിയെ തെരുവു ഗുണ്ടയെന്ന് ആക്ഷേപിച്ച സന്ദീപ് ദീക്ഷിതിനെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടി രാഹുലിനെതിരായ വാട്‌സ് ആപ് പരാമര്‍ശത്തില്‍ ഉടന്‍ പ്രതികരിച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.