വിപ്ലവത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്

Wednesday 14 June 2017 8:02 pm IST

'ആദ്ധ്യാത്മിക ദാഹശമനം വഴി ആത്മസാക്ഷാത്കാരം സാധിക്കാനുള്ള ഒരു തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഞാന്‍. ഈശ്വരസാക്ഷാത്കാരത്തിന് ഋഷിമാര്‍ പല മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തിമാര്‍ഗമാണ് അനായാസവും സദ്ഫലദായകവുമെന്ന് സര്‍വജ്ഞരായ നാരദപ്രഭൃതികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ ആ മാര്‍ഗം അവലംബിച്ചാണ് ഞാന്‍ കാലശേഷം ചെയ്യുന്നത്.' സ്മരണകള്‍, കവിതകള്‍ എന്ന കൃതിയില്‍ ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് ഇപ്രകാരം കുറിച്ചിരിക്കുന്നു. തിരുമുമ്പിന്റെ വിവര്‍ത്തനകൃതികള്‍ മലയാളത്തിലെ ഭക്തി പ്രസ്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവന നല്‍കി. അവ പരിഗണിച്ച് 1963 ജനുവരി 27ന് നീലേശ്വരത്തുവച്ചു നടന്ന സാഹിത്യസദസ്സ് അദ്ദേഹത്തിന് ഭക്തകവി തിലകം എന്ന ബിരുദം നല്‍കി ആദരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ ചേര്‍ന്ന പണ്ഡിത സദസ്സ് സാഹിത്യനിപുണന്‍ എന്ന സ്ഥാനം നല്‍കി തിരുമുമ്പിനെ ആദരിച്ചു. വിപ്ലവത്തിന്റെ ജ്വാലകള്‍ നെഞ്ചിലേറുന്നതിനുമുമ്പേ ആത്മീയതയുടെ അഗ്നിതീര്‍ത്ഥത്തില്‍ അവഭൃഥസ്‌നാനം ചെയ്ത ടി.എസ്. തിരുമുമ്പിന്റെ 111-ാം ജന്മദിനമായിരുന്നു ജൂണ്‍ 12 ന്. സ്വാതന്ത്ര്യസമരസേനാനി, സാമൂഹികപരിഷ്‌കര്‍ത്താവ്, കവി, ആദ്ധ്യാത്മികചിന്തകന്‍ തുടങ്ങിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സുബ്രഹ്മണ്യന്‍ തിരുമുമ്പ്. വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തിലേക്കായി വിവേകാനന്ദ കവിതകളുടെ മലയാള പരിഭാഷ ദ്രാവിഡവൃത്തങ്ങളിലും സംസ്‌കൃതവൃത്തങ്ങളിലുമായി നിര്‍വഹിച്ചത് തിരുമുമ്പായിരുന്നു. വിവേകാനന്ദ സാഹിത്യത്തിലൂടെയുള്ള, വിശിഷ്യ വിവേകാനന്ദ കവിതകളിലൂടെയുള്ള നിരന്തരയാത്ര തിരുമുമ്പിന്റെ ജീവിതയാത്രയെതന്നെ വഴിതിരിച്ചുവിട്ടു. കൊല്ലും കൊലയും കുലാധികാരമായിരുന്ന കുടുംബത്തില്‍ പിറന്ന തിരുമുമ്പ് സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പുതിയൊരു യുഗസൃഷ്ടിക്കായി ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിമാറി. കവി, പ്രഭാഷകന്‍, സംഘടാകന്‍ എന്നിങ്ങനെയുള്ള തന്റെ സിദ്ധികള്‍ മുഴുവന്‍ ആ പ്രസ്ഥാനത്തിനായി തിരുമുമ്പ് വിനിയോഗിച്ചു. 1948 വരെയുള്ള ഒരു വ്യാഴവട്ടക്കാലം സമരവും സത്യഗ്രഹവും ജയില്‍വാസവുമൊക്കെയായി തിരുമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 'പാടുന്ന പടവാള്‍' എന്ന് ഇഎംഎസ് വിശേഷിപ്പിച്ച തിരുമുമ്പിന്റെ പടപ്പാട്ടുകള്‍ ജനങ്ങളെ ഇളക്കി മറിച്ചു. 1948ല്‍ കല്‍ക്കത്ത തീസിസിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സമരങ്ങളുടെ പേരില്‍ തിരുമുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. ഒളിവിലായിരുന്ന തിരുമുമ്പ് ഒറ്റുകൊടുക്കപ്പെടുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് കഠിനമായ മര്‍ദ്ദനത്തിന് വിധേയനായ അദ്ദേഹത്തിന് ജയില്‍ശിക്ഷയും ലഭിച്ചു. ജയില്‍മോചിതനായ തിരുമുമ്പ് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നില്ല. തുടര്‍ന്ന് ആത്മീയതയുടെ പന്ഥാവ് അദ്ദേഹം തിരഞ്ഞെടുത്തു. സംസ്‌കൃതപണ്ഡിതനായിരുന്ന തിരുമുമ്പ് പുരാണേതിഹാസങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി തന്റെ പാണ്ഡിത്യം വിനിയോഗിച്ചു. ദേവീഭാഗവതവും ദേവീമാഹാത്മ്യവും തിരുമുമ്പിന്റെ വിവര്‍ത്തനകൃതികളില്‍ സുപ്രസിദ്ധങ്ങളാണ്. വിവേകാനന്ദ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ തിരുമുമ്പിന്റെ ഇംഗ്ലീഷിലുള്ള സാമാന്യജ്ഞാനവും സര്‍വോപരി മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള പാണ്ഡിത്യവും സഹായകമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് മടുക്കുകയും തുടര്‍ന്ന് തന്റെ പൈതൃകം അനേ്വഷിച്ചിറങ്ങിയ തിരുമുമ്പിനെ ആത്മീയാനേ്വഷകനാക്കുവാന്‍ സഹായിച്ചത് വിവേകാനന്ദ സാഹിത്യമാണ്. തിരുമുമ്പ് എഴുതുന്നു, ''കേരളത്തില്‍ ആദ്യമായി ജയിലില്‍പോയ ഒരു ബ്രാഹ്മണയുവാവായിരുന്നു ഞാന്‍. തുടര്‍ന്ന് എന്റെ ജ്യേഷ്ഠന്‍ ഹരീശ്വരന്‍ തിരുമുമ്പും ശിക്ഷിക്കപ്പെട്ടു. അതിനുശേഷമാണ് ഇ.എം.ശങ്കരന്‍നമ്പൂതിരിപ്പാടും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും ശിക്ഷിക്കപ്പെട്ടത്. ഞങ്ങളെല്ലാം കണ്ണൂര്‍ ജയിലില്‍ ഒപ്പം ഉണ്ടായിരുന്നു. ജയില്‍വിമുക്തരായതിനുശേഷം എനിക്കും എന്റെ ജ്യേഷ്ഠനും സ്വന്തം മനക്കാരില്‍നിന്നുപോലും പല എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ കുലദേവതയെ ചെന്നുതൊഴാന്‍പോലും അവര്‍ അനുവദിച്ചില്ല. എങ്കിലും ഞങ്ങള്‍ സുധീരം അവയെല്ലാം ചെറുത്തുനിന്നു; കൂത്തമ്പലത്തില്‍ കയറി മണിയടിച്ച് തൊഴുതു. പിന്നീട് 'അദ്വൈതമന്ദിരം' എന്ന ഒരു സ്ഥാപനം ഏര്‍പ്പെടുത്തി കുറച്ച് കുട്ടികളെ ഞാന്‍ പഠിപ്പിച്ചുവന്നു. വിവേകാനന്ദന്റെ പല പ്രസംഗങ്ങളും വായിച്ച് പഠിച്ചത് ഇക്കാലത്തായിരുന്നു. (ശ്രീമഹാഭാഗവതം വിവര്‍ത്തനം, 15) അങ്ങനെ വിവേകാനന്ദ സാഹിത്യം, വിപ്ലവകാരിയായിരുന്ന തിരുമുമ്പിനേയും ആത്മീയാനേ്വഷകനാക്കി മാറ്റി. തിരുമുമ്പിന്റെ കാവ്യജീവിതം ആരംഭിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ തീച്ചുളയില്‍നിന്നാണ്. സ്വാതന്ത്ര്യദാഹം ഏറ്റുവാങ്ങിയ കവികള്‍ക്കെല്ലാം ഒരേ ഭാവമായിരുന്നു. തമിഴില്‍ സുബ്രഹ്മണ്യഭാരതി എഴുതിയ കവിതകള്‍ യങ് ഇന്ത്യയില്‍, ഇംഗ്ലീഷില്‍ അച്ചടിച്ചുവന്നപ്പോള്‍ ആ കവിതകള്‍ തിരുമുമ്പ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധികരിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാജ്യമെങ്ങും അലയടിച്ച സ്വാതന്ത്ര്യദാഹം ഇന്ത്യക്കാരെ ഒരുപോലെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആ ഒരുമയുടെ പ്രചോദം സ്വാമി വിവേകാനന്ദനായിരുന്നു. മുദ്രാവാക്യപാകമായ വിപ്ലവകവിതകള്‍ സ്വാതന്ത്ര്യസമര കാലത്ത് ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്. അവ ആവേശം ഉണര്‍ത്തുന്നവയായിരുന്നു. എന്നാല്‍ സമരത്തിന്റെ ഊര്‍ജ്ജം കെട്ടടങ്ങുന്നതോടെ അവയ്ക്ക് അസ്തിത്വം നഷ്ടപ്പെടുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ തിരുമുമ്പിന്റെ കവിതകള്‍ എല്ലാകാലത്തേക്കും വേണ്ടി ഊര്‍ജ്ജം നിറയ്ക്കപ്പെട്ടവയാണ്. ജീവിതത്തിന്റെ ഉത്തരാര്‍ധം ആധ്യാത്മികതയ്ക്കായി അര്‍പ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ കവിതകള്‍ ജനജീവിതത്തിന്റെ ഭാഗമായി നിലകൊണ്ടു. ആ കവിതകള്‍ ഭാരതത്തിന്റെ മഹിതമായ ഭൂതകാലത്തിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.