പ്രകൃതിയിലെ സ്വര്‍ഗ്ഗീയ സുഖം

Wednesday 14 June 2017 8:06 pm IST

ഈശ്വരന്‍ ഈ പ്രകൃതിലോകത്തെയും മനുഷ്യര്‍ തുടങ്ങിയുള്ള സര്‍വ്വജീവജാലങ്ങളേയും സ്വര്‍ഗ്ഗമായിട്ടത്രെ സൃഷ്ടിച്ചിരിക്കുന്നത്. ജീവരാശികള്‍ക്കെല്ലാം ജനനമരണങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ജീവിത വഴികള്‍ ഏറ്റവും ശുഭകരമായ നിലയില്‍ത്തന്നെ ഏതു കാലത്തും നടന്നുകൊണ്ടിരിക്കുന്നു. വിശേഷിച്ച് സകല ജീവരാശികളിലും ആനന്ദാവസ്ഥ അടക്കം ചെയ്തിരിക്കുന്നു. വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മനോഹരമായ ശബ്ദം എത്രയധികം താപസന്മാരെപ്പോലും അനുഗ്രഹിച്ചാനന്ദിപ്പിച്ചിട്ടുണ്ട്. കുയില്‍ നാദം ആരെയാണ് ആശ്വസിപ്പിച്ചാനന്ദിപ്പിക്കാത്തത്. ഇതേ നിലയില്‍ തന്നെ ഭൂപ്രകൃതി ഓരോന്നായും മൊത്തമായും ദര്‍ശിക്കുക. ലാവണ്യകരങ്ങളായ നിലയില്‍ എത്രമാത്രം സൗരഭ്യ സൗഭാഗ്യ സന്തോഷസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ സുഖത്തെ പ്രദാനം ചെയ്തിരിക്കുന്നു. ഇതിനും പുറമെ ആകാശത്തിലെ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഈ ഗോളങ്ങള്‍ ഓരോന്നായും മറ്റു വിധത്തിലും ദര്‍ശിക്കുക. സംരക്ഷണാര്‍ത്ഥം ഇവ ഭൂവാഴ്ചയ്ക്കായി സര്‍വ്വവിധത്തിലും അനുഗ്രഹത്തെ പ്രദാനം ചെയ്യുന്നു. സമുദ്രതീരത്തെ ദര്‍ശിക്കാം. സര്‍വ്വവിധ സുഖസൗഭാഗ്യത്തെയും മത്സ്യാദികളായ ആഹാരത്തെയും പ്രദാനം ചെയ്യുന്നു. ജഗദീശ്വരന്‍ ഈ പ്രകൃതിലോകത്തെ സ്വര്‍ഗ്ഗമായി സൃഷ്ടിച്ച് മനുഷ്യലോകത്തിനു എത്ര മാഹാത്മ്യമായി പ്രദാനം ചെയ്തിരിക്കുന്നു. എന്നു മാത്രമല്ല മനുഷ്യലോകം സദാനേരവും സര്‍വ്വപ്രധാനമായി ഈശ്വര സാക്ഷാത്കാരം ചെയ്യുന്നതിനായി മാത്രമാണ് എന്ന് ഈ പ്രകൃതി മാഹാത്മ്യം സര്‍വ്വത്ര പ്രത്യക്ഷമാക്കുന്നു. അതായത്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ആദിയായ സര്‍വ്വവും ഓരോന്നും അതതിന്റെ രക്ഷയ്ക്കായി യാതൊന്നും പ്രകൃതി നടത്തുന്നില്ല. പിന്നെയോ, ഓരോന്നും മറ്റോരോന്നിന്റെ രക്ഷയ്ക്കായി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു. ഈ നില അപ്രത്യക്ഷമായും പ്രത്യക്ഷമായും നാം സദാ കണ്ടറിയുന്നതത്രെ. ഇതിന്റെ സാരസമ്പൂര്‍ണ്ണമായ രഹസ്യം, പരോപകാരാര്‍ത്ഥമായിട്ടാണ് ഈശ്വരന്‍ ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്നതിന് ഈ പ്രകൃതി തന്നെ നമുക്കു ഗുരുവായി നിന്ന് പഠിപ്പിക്കുന്നു. ആയതിനാല്‍ സര്‍വ്വശക്തിയുള്ള സര്‍വ്വേശ്വരന്‍ ഈ ലോകത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു സ്വര്‍ഗ്ഗമായിത്തന്നെ സൃഷ്ടിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്നത്, നിത്യാനന്ദനും ശാന്തിസ്വരൂപനുമായ ഭഗവാന്‍ തന്റെ ശാന്തിയെ പ്രദാനം ചെയ്തിട്ടത്രെ ഈ ലോകത്തെ സൃഷ്ടിച്ചത്. തന്മൂലം ഈ ലോക പ്രകൃതിയാല്‍ത്തന്നെ സര്‍വ്വത്ര ശാന്തിയെ പ്രദാനം ചെയ്യുന്നു. എങ്ങനെയെന്നാല്‍ അദ്ധ്യാത്മലോകത്തിലെ ശാന്തിസ്വരൂപനായ ഭഗവാന്‍ ഈ പ്രകൃതിലോകത്തെയും അതിന്റെ ശാന്തിസമ്പൂര്‍ണ്ണമായ നിലയില്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.