ഭക്തന്മാരെ ഭഗവാന്‍ നേരിട്ട് സംരക്ഷിക്കുന്നു; ആനന്ദിപ്പിക്കുന്നു (9-22)

Wednesday 14 June 2017 8:08 pm IST

മഹാത്മാക്കളായ ഉത്തമഭക്തന്മാരുടെ ഭജനരീതി വിവരിക്കുന്നു. അനന്യാഃ- അവര്‍ അനന്യന്മാരാണ് അനന്യന്‍ എന്ന പദത്തിന് ശ്രീശങ്കരാചാര്യര്‍ പറയുന്ന അര്‍ത്ഥം- ''അപൃഥഗ് ഭൂതാഃ'' എന്നാണ്; ഭഗവാനില്‍നിന്ന് ഒരുനിമിഷനേരംപോലും വേറിട്ട് നില്‍ക്കാത്തവര്‍ എന്നാണ്. ഭഗവാനെയല്ലാതെ, വേറെ ഒരു ദേവനെയും ഉപാസിക്കാത്തവര്‍ ശ്രീകൃഷ്ണനോട് അളവറ്റ പ്രേമപ്രവാഹം പുലര്‍ത്തുക എന്ന ഭക്തിയോഗമല്ലാതെ വേറെ ഒരു ഉപാസനാ സമ്പ്രദായത്തെയും-യാഗങ്ങള്‍ അഷ്ടാംഗയോഗം, കര്‍മ്മയോഗം മുതലായ മറ്റൊരു സമ്പ്രദായത്തെയും ആശ്രയിക്കാത്തവര്‍, തങ്ങളുടെ പ്രേമപൂര്‍വമായ സേവനംകൊണ്ട് ഭഗവാന്‍ സന്തോഷിക്കണം എന്നല്ലാതെ ലൗകികവും ദിവ്യവുമായ ഒരു ആഗ്രഹവും ഇല്ലാത്തവര്‍; പരമപദമായ വൈകുണ്ഠത്തിലോ ഗോലോകത്തിലോ എത്തണമെന്ന ആഗ്രഹംപോലും ഇല്ലാത്തവര്‍. ഇവരാണ് അനന്യന്മാരായ ഭക്തന്മാര്‍. മാം ചിന്തയന്തഃ = അവര്‍, എന്നെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും കാരണം ഭഗവാനെ സ്മരിക്കാത്ത ഒരു നിമിഷനേരംപോലും ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അവര്‍ 24 മണിക്കൂറൂം ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദമയമായ സ്വരൂപം ഓരോ അവയവങ്ങളായും മുഴുവനുമായും ധ്യാനിക്കുന്നു. ഭഗവാന്റെ അലങ്കാരങ്ങളെയും വസ്ത്രങ്ങളെയും ഓടക്കുഴല്‍, പശുക്കളെ തെളിക്കുന്ന കോല്‍ ഇവയും ധ്യാനിക്കും. ഭഗവാന്റെ ഭക്തവാത്സല്യം തുടങ്ങിയ ഗുണങ്ങളെയും ധ്യാനിക്കും. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മസമര്‍പ്പണം എന്നിങ്ങനെയുള്ള ഭഗവദീയ കര്‍മ്മങ്ങള്‍ ചെയ്യും. അതിനുവേണ്ടി ഭൗതിക ജീവിതത്തിനുവേണ്ടിയുള്ള കര്‍മ്മങ്ങളെ ചിട്ടപ്പെടുത്തും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഭഗവാന്റെ തിരുനാമങ്ങള്‍ ജപിച്ചുകൊണ്ടും കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടും തന്നെ ലൗകിക കര്‍മ്മങ്ങള്‍ ചെയ്യും. പ്രഭാതത്തില്‍ ഉണരുമ്പോഴും ദേഹം വൃത്തിയാക്കുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും കുട്ടികളെ ശുശ്രൂഷിക്കുമ്പോഴും കളിക്കുമ്പോഴും ഭഗവന്നാമം ജപിക്കുന്നതിനും കീര്‍ത്തനം പാടുന്നതിനും മുടക്കം വരാത്തവിധത്തില്‍ എല്ലാം ചിട്ടപ്പെടുത്തും. ഭൗതികപദാര്‍ത്ഥങ്ങള്‍ ഭഗവാന് സമര്‍പ്പിച്ച്, ഭഗവത് പ്രസാദമാക്കി മാറ്റിയതിനുശേഷമേ സ്വയം സ്വീകരിക്കുകയുള്ളൂ. പര്യുപാസതേ- ഭഗവാനെ മാത്രമല്ല, ഭഗവാനുമായി ബന്ധപ്പെട്ട വൃന്ദാവനം, മധുര, കാളിന്ദി മുതലായ തീര്‍ത്ഥസ്ഥലങ്ങളെയും ഭഗവാന്റെ അച്ഛനും അമ്മയുമായി ഭഗവാനെ സേവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നന്ദഗോപന്‍, യശോദ, വസുദേവന്‍, ദേവകി തുടങ്ങിയ ഭക്തഗണങ്ങളെയും ശ്രീദാമാവ് തുടങ്ങിയ ഉറ്റ സുഹൃത്തുക്കളെയും അംബരീഷന്‍, ശ്രീനാരദമഹര്‍ഷി തുടങ്ങിയ ഭക്തോത്തമന്മാരെയും ശ്രീരാധ തുടങ്ങിയ ഭഗവല്‍ പ്രേയസിമാരെയും ഉപാസനാ സമ്പ്രദായത്തില്‍ ധ്യാനക്രിയയില്‍ ഉള്‍പ്പെടുത്തും. അതാണ് ''പരി ഉപാസതേ'' എന്നു ഭഗവാന്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.