രാജമാരിയിന്‍ നാടുകാണുന്നു 23 വര്‍ഷത്തിനു ശേഷം

Wednesday 14 June 2017 8:18 pm IST

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷമായി പിറന്ന മണ്ണില്‍ തൊട്ടിട്ട്. അതിനിടെ, ഇവിടം ഒരുപാട് മാറി. ഒപ്പം ജീവിതം തുടങ്ങിയയാള്‍ വിട്ടുപിരിഞ്ഞു. ചെറുപ്രായത്തിലുള്ള നാലു മക്കളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അവരുടെ പ്രായമുള്ള ചെറു മക്കളായി... ഇതെല്ലാം ആലോചിക്കുമ്പോള്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണ പ്രകാശം രാജമാരിയന് വിതുമ്പല്‍. പക്ഷേ, സങ്കടങ്ങളെല്ലാം അവസാനിക്കുന്നു. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം, അതും അനധികൃതമായ, രാജമാരിയന്‍ തിരിച്ചെത്തുന്നു. നിയമവിരുദ്ധ താമസക്കാര്‍ക്ക് നാടുവിടാന്‍ സൗദി അറേബ്യ നല്‍കിയ 90 ദിവസത്തെ കാലയളവ് മുതലാക്കിയാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. മാരിയപ്പന്‍ മാത്രമല്ല മലയാളികളുള്‍പ്പെടെ 26,000ത്തിലധികം പേരാണ് മടങ്ങാന്‍ തയാറായി റിയാദിലെ ഇന്ത്യന്‍ എംബസിയെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചത്. അനധികൃത കുടിയേറ്റക്കാരനൊന്നുമല്ല രാജമാരിയന്‍. സ്‌പോണ്‍സര്‍മാരാണ് ഇദ്ദേഹത്തെ മുങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. 1994ല്‍ ആഗസ്തിലാണ് ഇയാള്‍ സൗദിയിലെത്തിയത്. ഹെയ്ല്‍ പ്രവിശ്യയിലെ ഉള്‍ഗ്രാമത്തില്‍ കൃഷിയിടത്തിലായിരുന്നു ജോലി. 100 സൗദി റിയാലായിരുന്നു ശമ്പളം. ആറു മാസം ഇവിടെ ജോലി ചെയ്തു. പിന്നീട് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറി. മൂന്നു മാസത്തിനു ശേഷം മൂന്നാമതൊരിടത്തേക്കും. ഈ മാറ്റം രാജമാരിയനെ ദുരിതത്തിലാക്കി. ഇതോടെയാണ്, മുങ്ങാന്‍ തീരുമാനിച്ചത്. ഹെയ്‌ലിലെ തന്നെ പലസ്ഥലത്തും മാറിത്താമസിച്ച് കിട്ടിയ ജോലികളൊക്കെ ചെയ്തു. രേഖകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ കണ്ണില്‍പെടാനും പാടില്ല. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഇങ്ങനെ ജീവിച്ചു തീര്‍ത്തതിനിടെയാണ് നാട്ടിലേക്കു തിരിച്ചുവരാനുള്ള അവസരം ഒത്തുവന്നത്. ഒരു തിരിച്ചുവരവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരിക്കെ ഹെയ്‌ലിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സറഫുദ്ദീന്‍ തയ്യില്‍ സഹായത്തിനെത്തി. സൗദി സര്‍ക്കാരിന്റെ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇതോടെ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ മക്കള്‍ കുട്ടികളായിരുന്നു. ഇപ്പോള്‍ അവരുടെ പ്രായമുള്ള ചെറുമക്കളുണ്ട്, രാജമാരിയന്‍ സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പോരുമ്പോള്‍ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമൊന്നുമായിട്ടില്ല. അവസാനമായി വീട്ടിലേക്ക് വിളിച്ചത് 2015ല്‍, ഭാര്യ റോനിക്യ ആശുപത്രി കിടക്കയിലായിരുന്നപ്പോഴാണിത്. ഒരു വര്‍ഷത്തിനു ശേഷം അവര്‍ മരിച്ചു, ഇദ്ദേഹം പറഞ്ഞു. തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയവര്‍ കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്ന്, 11,390. കേരളത്തില്‍ നിന്ന് 1,736 പേരും അപേക്ഷ നല്‍കി. തെലങ്കാന (2,733), ബംഗാള്‍ (2,332), തമിഴ്‌നാട് (2,022), ബീഹാര്‍ (1,491), ആന്ധ്രപ്രദേശ് (1,120), രാജസ്ഥാന്‍ (853) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.