ട്രോളിങ് നിരോധനം ശാസ്ത്രീയമാവണം

Wednesday 14 June 2017 8:35 pm IST

കടലോരത്ത് ഇനി വറുതിയുടെ നാളുകള്‍. യന്ത്രവല്‍കൃത ബോട്ടുകളുപയോഗിച്ചുള്ള മീന്‍ പിടിത്തത്തിന് 47 ദിവസത്തെ നിരോധനമാണ് ട്രോളിങ് നിരോധനത്തിലൂടെ നടപ്പാകുന്നത്. പരമ്പരാഗത വള്ളങ്ങളുപയോഗിച്ചുള്ള നാമമാത്രമായ മീന്‍പിടിത്തം മാത്രമാണ് ഇക്കാലയളവില്‍ നടക്കുക. 12 നോട്ടിക്കല്‍ മൈലിന് പുറത്ത് നിരോധനം നിലവില്‍ വന്നുകഴിഞ്ഞു. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ മീന്‍പിടിത്തം നിരോധിക്കുമ്പോഴും അതിന് മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. കാരണം മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയാണിതെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരമ്പരാഗത മീന്‍പിടിത്ത വിഭാഗത്തെ സംരക്ഷിക്കാനുമാണ് മത്സ്യ പ്രജനന കാലത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 90 ദിവസത്തേക്ക് ട്രോളിങ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. 1987 മുതലാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. മത്സ്യസമ്പത്ത് വര്‍ദ്ധിക്കാന്‍ ഇത് ഇടയായിട്ടുണ്ടെന്നായിരുന്നു ആദ്യകാല അനുഭവം. മത്സ്യമേഖലയെ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 62 ദിവസത്തേക്ക് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ കാലയളവില്‍ ട്രോളിങ് ഉള്‍പ്പെടെയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധനം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ആവശ്യമായ തരത്തില്‍ തീരദേശ മേഖലയില്‍ ട്രോളിങ് നിരോധനം ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ആലോചന ഉണ്ടാകേണ്ടതുണ്ട്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തില്‍ മത്സ്യസമ്പത്തിനെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തിലധികമായി ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടും മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ മുന്നിലുള്ളത്. കേരളത്തില്‍ ധാരാളമായി ലഭിച്ചിരുന്ന മത്തി, അയില എന്നിവയ്ക്കടക്കം വന്‍ കുറവാണ് നേരിട്ടത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32.8 ശതമാനം കുറവാണ് മത്തിയുടെ ലഭ്യതയില്‍ ഉണ്ടായത്. ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. ഇതുമൂലം മാത്രം ആയിരത്തി മുന്നൂറു കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയിലയുടെ ലഭ്യതയിലും കുറവുണ്ടായി. കിളിമീനാണ് കുറവു വന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഇനം. മറ്റുചില സംസ്ഥാനങ്ങളില്‍ മത്സ്യ സമ്പത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മത്സ്യസമ്പത്ത് സംബന്ധിച്ച് ശാസ്ത്രീയമായ അറിവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവും സംയോജിപ്പിച്ച് പഠനങ്ങള്‍ നടത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നത്. കേവലം ഒരാചാരം പോലെ ട്രോളിങ് നിരോധനം നടപ്പിലാക്കിയാല്‍ മാത്രം മത്സ്യ ലഭ്യതയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് കണക്കുകൂട്ടുന്നത് ശരിയല്ല. പ്രജനന കാലം കണക്കാക്കിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മാറിയ സാഹചര്യത്തില്‍ പ്രജനന കാലഘട്ടത്തില്‍ നേരിയ മാറ്റമെങ്കിലും ഉണ്ടായോ എന്ന പരിശോധനയും ആവശ്യമാണ്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടലും ആവശ്യമാണ്. കേവലം സൗജന്യ റേഷന്‍ നല്‍കി അവസാനിപ്പിക്കാവുന്നതല്ല ആ ചുമതല. വിദ്യാഭ്യാസ വര്‍ഷത്തിന്റെ ആരംഭം, പകര്‍ച്ചപ്പനിയുടെ വ്യാപനം തുടങ്ങി തീരദേശ സമൂഹവും അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ക്ക് ശമനമേകാന്‍ സര്‍ക്കാരിനാവണം. മത്സ്യത്തൊഴിലാളികളുടെ വിഹിതമടക്കം ഉള്ള മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം പോലും യഥാസമയം അവര്‍ക്ക് ലഭിക്കുന്നില്ല. പല കുടുംബങ്ങളും ബാങ്കുകളുടെ ജപ്തി ഭീഷണിയിലാണ്. പ്രഖ്യാപിക്കപ്പെട്ട സൗജന്യ റേഷനാകട്ടെ പലയിടങ്ങളിലും ശരിയായി വിതരണം ചെയ്യപ്പെടുന്നുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷാമകാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തിന് ഏറെ വിദേശ നാണ്യം നേടിത്തരുന്ന കടലോര മേഖലയോട് കനിവ് കാണിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോളിങ് നിരോധനം സംബന്ധിച്ച വിവിധ വശങ്ങള്‍ പഠിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളുണ്ടാകണം. ക്ഷാമകാലത്തെ അതിജീവിക്കാന്‍ തീരദേശ മേഖലക്ക് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകണം. സംഘടിത തൊഴിലാളി ശക്തിയുടെ അഭാവത്തില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.