ആകാംക്ഷയോടെ ആകാശ പാത

Wednesday 14 June 2017 8:42 pm IST

പ്രധാന മന്ത്രി നരേന്ദ്രമോദി മെട്രോ യാത്ര തുടങ്ങുന്ന പാലാരിവട്ടം സ്റ്റേഷന്‍

‘മെട്രോയുടെ നിര്‍മ്മാണം തുടങ്ങും മുമ്പ് ദിവസം 15,000 രൂപയുടെ കച്ചവടമുണ്ടായിരുന്നു. ഇപ്പോള്‍ കച്ചവടം 700 രൂപയായി കുറഞ്ഞു.’ കലൂരില്‍ സൂര്യ ബുക്‌സ് നടത്തുന്ന രംഗനാഥിന്റെ വാക്കുകള്‍. മെട്രോ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ പാര്‍ക്കിംഗ് പ്രശ്‌നമായത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായെന്ന് രംഗനാഥിന്റെ ഈ വാക്കുകളിലൂടെ വ്യക്തം. പക്ഷേ, നിര്‍മ്മാണം കഴിഞ്ഞ് മെട്രോ ഓടിത്തുടങ്ങിയാലും കച്ചവടം തിരിച്ചുപിടിക്കാനാവില്ലെന്ന് രംഗനാഥ് പറയുന്നു.
മെട്രോ തൂണുകള്‍ക്ക് താഴെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയുണ്ട്. ഈ നടപ്പാതകള്‍ ഇരുമ്പുവേലി കെട്ടി തിരിച്ചിരിക്കുകയാണ്. ഈ വഴിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനാവില്ല. അതിനാല്‍, വാഹനത്തിലെത്തുന്ന ഒരാളും കടയിലേക്ക് വരില്ല. മെട്രോ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ എംജി റോഡിലെ നൂറുകണക്കിന് കടകളാണ് നിര്‍ത്തിപ്പോയതെന്നും രംഗനാഥ് ചൂണ്ടിക്കാട്ടുന്നു.

മെട്രോ കടന്നുപോകുന്നതിന് താഴെയുള്ള റോഡുകളുടെ വശങ്ങളില്‍ പാര്‍ക്കിംഗിന് കൂടി സൗകര്യമൊരുക്കിയാലേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ. ഫുട്പാത്തും ഇരുമ്പുവേലിയും തയ്യാറായി വരുന്നതേയുള്ളൂ. മുഴുവന്‍ സ്ഥലത്തും ഇതുവരുന്നതോടെ കച്ചവടക്കാര്‍ക്ക് ഇനിയും തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ആശങ്ക. എങ്കിലും, എംജി റോഡില്‍ നിന്നും കലൂരില്‍ നിന്നും മാറി നഗരത്തിന്റെ മറ്റിടങ്ങളില്‍ കച്ചവട സാധ്യത വര്‍ധിക്കുന്നത് കണ്ടില്ലെന്ന് നടിച്ചുകൂടാ.

ഓട്ടം നഷ്ടത്തിലേക്ക്?
‘ഒരുദിവസമൊന്നു യാത്ര ചെയ്യണം. മെട്രോ എന്താണെന്നറിയാന്‍ മാത്രം’. ആലുവ സ്വദേശിയായ പുഷ്‌കരന്റെ വാക്കുകള്‍. പുഷ്‌കരനെപ്പോലെ മെട്രോയാത്ര എങ്ങനെയാണെന്നറിയാന്‍ മാത്രം ട്രെയിനില്‍ കയറാന്‍ തയ്യാറെടുക്കുന്നവര്‍ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ മെട്രോയുടെ ഭാവി എന്താണെന്നത് പ്രവചിക്കാനാവില്ല. ഈ ആശങ്ക കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നുമുണ്ട്. അതുകൊണ്ടാണ് കാറുപേക്ഷിച്ച് എല്ലാവരും മെട്രോയില്‍ യാത്ര ചെയ്യുന്നതിനുള്ള കാമ്പയിനുമായി അവര്‍ മുന്നോട്ടുപോകുന്നത്.

ലോകത്തുള്ള ആറു മെട്രോകള്‍ മാത്രമാണ് ലാഭത്തിലുള്ളത്. അതുകൊണ്ടുതന്നെ ടിക്കറ്റില്‍ നിന്ന് മാത്രം വരുമാനം കണ്ടെത്താനാവില്ലെന്ന് കെഎംആര്‍എല്‍ തിരിച്ചറിഞ്ഞു. ഇത് കണക്കിലെടുത്താണ് കാക്കനാട്ട് മെട്രോ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നത്. ഹൗസ് പ്ലോട്ടുകളും ബിസിനസ് പ്ലോട്ടുകളുമുള്‍പ്പെടെ തയ്യാറാക്കി വില്‍ക്കുകയാണ് ലക്ഷ്യം. കൂടാതെ, മെട്രോ തൂണുകളില്‍ പരസ്യം നല്‍കിയും സ്റ്റേഷന്റെ പേരിനൊപ്പം പരസ്യം നല്‍കിയും വരുമാനമുണ്ടാക്കും. മെട്രോ ട്രെയിനുകള്‍ ഷൂട്ടിങ്ങിനായി നല്‍കാനും പദ്ധതിയുണ്ട്. മണിക്കൂറിന് മൂന്നുലക്ഷം രൂപ വരെയാണ് ഷൂട്ടിങ്ങിന് നിശ്ചയിച്ചിട്ടുള്ളത്. പക്ഷേ, ഇതൊന്നും കൊണ്ടൊന്നും മെട്രോ ലാഭത്തിലാവില്ലെന്നാണ് കരുതുന്നത്. ഭാവിയില്‍ മെട്രോ സ്‌റ്റേഷനുകളോട് ചേര്‍ന്ന് ഷോപ്പിങ് സെന്ററുകളും ഒരുക്കും.

ഏകീകൃത ഗതാഗത സംവിധാനം
മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് ഫീഡര്‍ സര്‍വീസ് തുടങ്ങാന്‍ കെഎസ്ആര്‍ടിസി 783 പ്രകൃതി സൗഹൃദ ബസ്സുകള്‍ (സിഎന്‍ജി ബസ്സുകള്‍) വാങ്ങാന്‍ ധാരണയായിരുന്നു. ഇതില്‍ 100 ഇലക്ട്രിക് ബസ്സുകളും ഉള്‍പ്പെട്ടിരുന്നു. പക്ഷേ, നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കെഎസ്ആര്‍ടിസിക്ക് ഇത്ര വലിയ നിക്ഷേപം നടത്താനുള്ള കെല്‍പ്പില്ല. അതുകൊണ്ടുതന്നെ പുതിയ ആഡംബര ബസുകളെക്കുറിച്ചുള്ള ആലോചനയില്‍ നിന്ന് കെഎസ്ആര്‍ടിസി ഇപ്പോള്‍ പിന്‍മാറിയാതായാണ് സൂചന. പക്ഷേ, നിലവിലുള്ള ബസ്സുകള്‍ ഫീഡര്‍ സര്‍വീസിനായി പുനക്രമീകരിച്ചേക്കും.

ഏകീകൃത ഗതാഗത അതോറിറ്റി രൂപവത്കരിച്ച് മെട്രോ അനുബന്ധ യാത്രാ സൗകര്യം വികസിപ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മെട്രോ ഓട്ടത്തോടടുത്തിട്ടും ഇതിനുള്ള നടപടി വൈകുകയാണ്. മെട്രോയുടെ വരവോടെ 160 സ്വകാര്യ ബസ്സുകള്‍ക്ക് സിറ്റി സര്‍വീസ് നഷ്ടമാകും. ആലുവ റൂട്ടിലോടുന്ന ബസ്സുകള്‍ക്കാണ് തിരിച്ചടി. ഈ ബസുകളുടെ റൂട്ടുകള്‍ പുനഃക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും എങ്ങുമെത്തിയില്ല.
ജൂണ്‍ 17ന് മെട്രോ ഓട്ടത്തിന് സജ്ജമാകും. ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം യാത്രാ സര്‍വീസും തുടങ്ങും. ഇതിന് ശേഷമേ മെട്രോയെ വിലയിരുത്താനാവൂ. എത്രയൊക്കെ ആശങ്കയുണ്ടെങ്കിലും കേരളത്തിന്റെ ആദ്യ മെട്രോയെ മലയാളികള്‍ വരവേല്‍ക്കുമെന്നാണ് പ്രതീക്ഷ.

ചെലവ് ചുരുക്കാന്‍ വലിപ്പം കുറച്ചേക്കും
ഇന്ത്യയിലെ മറ്റു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ചത്-കൊച്ചി മെട്രോയെക്കുറിച്ച് റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ പറഞ്ഞത് ഇതാണ്. കൂടുതല്‍ സ്ഥല സൗകര്യവും നല്ല മികച്ച ഇന്റീരിയറുമാണ് കൊച്ചി മെട്രോയെ മറ്റു മെട്രോകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 11 സ്റ്റേഷന്റെയും നിര്‍മ്മാണത്തിനായി വന്‍തുകയാണ് ചെലവാക്കിയത്. ആദ്യഘട്ടത്തില്‍ ഇത് ബജറ്റും കടന്നുപോകാനിടയാക്കി. അതുകൊണ്ടു തന്നെ അടുത്ത ഘട്ടത്തില്‍ മെട്രോ സ്റ്റേഷനുകളുടെ വലിപ്പം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.
(അവസാനിച്ചു)

മറക്കാനാവാത്ത മെട്രോ മാന്‍
ഇന്ത്യയുടെ ഗതാഗതത്തിന് വേഗം കൂട്ടിയ എന്‍ജിനിയര്‍- മെട്രോമാന്‍ ഇ. ശ്രീധരനെക്കുറിച്ച് പറയാന്‍ വേറെ വാക്കുകള്‍ വേണ്ട. കൊങ്കണ്‍ റെയില്‍പ്പാത മുതല്‍ വിവിധ മെട്രോ പദ്ധതികള്‍ വരെ രാജ്യത്തിന് നല്‍കിയത് പാലക്കാട്ട് പട്ടാമ്പിക്കാരനായ ശ്രീധരനായിരുന്നു. ഇന്ന് മെട്രോ പദ്ധതികളുടെ അവസാനവാക്കും മറ്റാരുമല്ല.

1954ല്‍ ദക്ഷിണ റെയില്‍വേയില്‍ പ്രൊബേഷണറി അസിസ്റ്റന്റ് എന്‍ജിനിയറായിട്ടായിരുന്നു ശ്രീധരന്റെ തുടക്കം. തകര്‍ന്നു പോയ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം ശരവേഗം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ശ്രീധരന്‍ ശ്രദ്ധാകേന്ദ്രമായത്. ആറുമാസം കൊണ്ട് റെയില്‍വേ പൂര്‍ത്തിയാക്കാന്‍ പറഞ്ഞ ജോലികള്‍ ചുമതല ഏറ്റെടുത്ത് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യത്തെ മെട്രോയ്ക്ക് 1984ല്‍ കൊല്‍ക്കത്തയില്‍ തുടക്കമിടുമ്പോഴും ശ്രീധരനായിരുന്നു മേല്‍നോട്ടം. പിന്നീട് ദല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ള മെട്രോകള്‍ക്കെല്ലാം അദ്ദേഹം ചുക്കാന്‍ പിടിച്ചു.

1990ല്‍ വിരമിച്ചശേഷവും ശ്രീധരന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ പ്രയോജനപ്പെടുത്തി. കൊങ്കണ്‍ റെയില്‍പ്പാതയുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്. പാറമലകള്‍ തുരന്ന് 93 തുരങ്കങ്ങള്‍ നിര്‍മ്മിച്ചായിരുന്നു ആ അത്ഭുത പദ്ധതി. കൊങ്കണ്‍ പാത വന്നതോടെ മുംബൈ-മാംഗ്ലൂര്‍ തുറമുഖ നഗരങ്ങള്‍ തമ്മിലുള്ള യാത്ര ദൈര്‍ഘ്യം പകുതിയായി കുറഞ്ഞു.

ശ്രീധരന്‍ നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു. കൊച്ചി മെട്രോയുടെ മുഖ്യഉപദേശകനായും ശ്രീധരന്റെ സേവനമുണ്ടായിരുന്നു. പൊതു ഗതാഗതത്തിന്റെ അവസാനവാക്കായി ഐക്യരാഷ്ട്ര സഭയും ശ്രീധരനെ അംഗീകരിച്ചു. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഐക്യരാഷ്ട്ര സഭയുടെ ഗതാഗതവുമായി ബന്ധപ്പെട്ട ഉന്നത തല ഉപദേശക സമിതിയില്‍ അദ്ദേഹത്തെ അംഗമായി ക്ഷണിച്ചത് അതിന് തെളിവാണ്.

പ്രധാനമന്ത്രിയുടെ യാത്രയില്‍ പ്രതീക്ഷയോടെ

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷ വാനോളം. സംസ്ഥാനത്ത് ലൈറ്റ് മെട്രോ പോലുള്ള കൂടുതല്‍ ഗതാഗത പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. കൊച്ചി മെട്രോയുടെ തുടര്‍ പദ്ധതികളും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പൂര്‍ത്തീകരണവുമെല്ലാം മോദിയുടെ വരവോടെ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

ഈ മാസം 17നാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാന്‍ മോദി എത്തുന്നത്. രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം. ഇതിന് തൊട്ടുമുമ്പാണ് മോദിയുടെ മെട്രോ ട്രെയിന്‍ യാത്ര- പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ. തുടര്‍ന്ന് തിരികെ പാലാരിവട്ടത്ത് എത്തി ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെത്തും.
പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊച്ചിയില്‍ ഒരുക്കം തകൃതിയായി നടക്കുകയാണ്. 3500 ക്ഷണിതാക്കള്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് തയ്യാറാകുന്നത്.

പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം എന്നിവരാണ് വേദിയിലുണ്ടാവുക. ഇവരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷണക്കത്തില്‍ അച്ചടിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ വേദിയില്‍ കുറച്ച് ആളുകളെ മാത്രമേ പങ്കെടുപ്പിക്കൂ.

ഇതാ ഇവിടെ വരെ
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 25.6 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട മെട്രോ റെയില്‍.22 സ്‌റ്റേഷനുകളുണ്ട്. എന്നാല്‍, ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്‌റ്റേഷനുകളിലായി 13 കിലോമീറ്ററാണ് ആദ്യ സര്‍വീസ്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ആദ്യം ട്രെയിന്‍ എത്തുക. ഇതാണ് 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തിന് മുമ്പ് ട്രെയിന്‍ ഓടും. മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെ ട്രെയിന്‍ ഓടാന്‍ ഇനിയും മൂന്നുവര്‍ഷമെങ്കിലുമെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.