കോടിയേരിയും കാരാട്ടും കമ്മ്യൂണിസ്റ്റ് വഞ്ചനയും

Wednesday 14 June 2017 8:53 pm IST

തോട്ടം മുടിക്കാന്‍ മുച്ചീര്‍പ്പന്‍ കുലയ്ക്കുക എന്നൊരു ചൊല്ലുണ്ട്. മൂന്നു പടലകള്‍ മാത്രമായി വാഴ കുലക്കുന്ന പ്രതിഭാസമാണ് മുച്ചീര്‍പ്പന്‍. ഇങ്ങനെ കുലവന്നാല്‍ അതില്‍നിന്നുണ്ടാകുന്ന കീടബാധയേറ്റ് തോട്ടത്തിലെ മറ്റ് വാഴകളും ചെടികളും കൂട്ടത്തോടെ നശിച്ചുപോകും. അതിനാല്‍ മുച്ചീര്‍പ്പന്‍ ഉണ്ടായെന്നു കണ്ടാല്‍ കര്‍ഷകര്‍ ആ വാഴയെ കുലയടക്കം ആഴത്തില്‍ പിഴുതെടുത്ത് ദൂരെ കൊണ്ടുപോയി കുഴിച്ചുമൂടുകയാണ് പതിവ്. ഈ പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന വിധം ഭാരതത്തെ മുച്ചൂടും നശിപ്പിക്കാന്‍ ജന്മംകൊണ്ട രാഷ്ട്രീയ-സൈദ്ധാന്തിക മുച്ചീര്‍പ്പനാണ് മാര്‍ക്‌സിസം എന്നു വിലയിരുത്തുന്നതില്‍ അതിശയോക്തിയില്ല. കാരണം ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഇതുവരെയുള്ള ചരിത്രം ദേശവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രമാണ്. വര്‍ത്തമാനകാലത്ത് ഈ ദേശവിരുദ്ധ പ്രകടനത്തിന് സഖാക്കള്‍ കൊഴുപ്പുകൂട്ടി വരുന്നുമുണ്ട്. പാക്കിസ്ഥാന്‍ സൃഷ്ടിക്കുവേണ്ടി മുസ്ലിംലീഗിനേക്കാള്‍ വീറോടെ നിലകൊണ്ട കമ്യൂണിസ്റ്റുകള്‍ നിര്‍ണായകമായ മറ്റ് സന്ദര്‍ഭങ്ങളിലും ഭാരതത്തിനെതിരായി അഞ്ചാംപത്തി പണിചെയ്തു. ബ്രിട്ടണില്‍നിന്നു മാത്രമല്ല ചൈനയില്‍നിന്നുകൂടി ഇങ്ങനെയുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത നിറവേറ്റാന്‍വേണ്ടി സഖാക്കള്‍ പണം കൈപ്പറ്റിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ 1965 ല്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ചൈനയുടെ ആണവപരീക്ഷണത്തെ മുതലാളിത്തശക്തികള്‍ക്കെതിരായ സോഷ്യലിസ്റ്റ് പ്രതിരോധമെന്ന് വിശേഷിപ്പിച്ച് ശ്ലാഘിച്ച മാര്‍ക്‌സിസ്റ്റുകള്‍ ഭാരതം നടത്തിയ പൊക്രാന്‍ പരീക്ഷണത്തെ നിശിതമായി വിമര്‍ശിച്ചതും വിസ്മരിക്കാവുന്നതല്ല. ഭാരതത്തെ കൊത്തിക്കീറി വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്മാരാണ് ചൈനയും പാക്കിസ്ഥാനും. രണ്ടും ആണവശക്തികളും. സ്വയരക്ഷക്കായി ഇവര്‍ക്കെതിരെ നാമും ഇതേ രീതിയില്‍ ശക്തി സംഭരിക്കാതിരുന്നാല്‍ എന്താകും ഭവിഷ്യത്ത്? വളരെക്കാലത്തെ ഏകപക്ഷീയമായ അഹിംസാ-പഞ്ചശീലാചരണങ്ങള്‍കൊണ്ട് കോട്ടം മാത്രമാണ് രാജ്യത്തിന് സംഭവിച്ചത്. പക്ഷെ മാര്‍ക്‌സിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് ഭാരതത്തിന്റെ വിനാശമാണ്. നൂറുകണക്കിന് നിരപരാധികളുടെ ജീവനപഹരിച്ച ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തോടു യുദ്ധം ചെയ്ത യാക്കൂബ് മേമന് കോടതി നല്‍കിയ വധശിക്ഷ നടപ്പാക്കിയപ്പോള്‍ അതിനെയും നികൃഷ്ടമായെതിര്‍ത്തു രംഗത്തുവന്നു സിപിഎം. മുസ്ലിമായതുകൊണ്ടാണ് മേമനെ തൂക്കിലേറ്റിയത്, മുസ്ലിങ്ങളാണ് ഭാരതത്തില്‍ ഇങ്ങനെ ശിക്ഷക്കു വിധേയരാകുന്നവരില്‍ ഭൂരിപക്ഷവും എന്നെല്ലാമുള്ള ആരോപണങ്ങളാണ് മാര്‍ക്‌സിസ്റ്റു ദുര്‍മ്മതികള്‍ ഉന്നയിച്ചത്. രാഷ്ട്രപതിയേയും പരമോന്നത നീതിപീഠത്തെയുംകൂടി അവഹേൡക്കാന്‍ പര്യാപ്തമായ ആരോപണങ്ങള്‍ വിവാദമായപ്പോള്‍, വധശിക്ഷ പ്രാകൃതമാണ്, അതിനെതിരാണ് താത്വികമായി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി എന്ന വിശദീകരണവുമായി നേതൃത്വം മുഖംരക്ഷിക്കാനുദ്യമിച്ചു. എന്നാല്‍ അത്യന്തം വിചിത്രമാണീ വിശദീകരണം. കാരണം 2017 ഏപ്രില്‍ 12 ലെ 'ടൈംസ് ഓഫ് ഇന്ത്യ' പത്രത്തിന്റെ റിപ്പോര്‍ട്ട് ഇതാണ്: ''ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുംകൂടി വധശിക്ഷക്കു വിധേയമാക്കിയതിനേക്കാള്‍ കൂടുതല്‍ മനുഷ്യരെ ചൈനീസ് ഭരണകൂടം 2016 ല്‍ തൂക്കിലേറ്റിയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തുന്നു. ചൈനീസ് കോടതി രേഖകളും വാര്‍ത്താക്കുറിപ്പുകളും ആധാരമാക്കി ഏഷ്യന്‍ ഭീമനായ പ്രസ്തുത രാജ്യം ആയിരക്കണക്കിന് പേരെ കഴുമരത്തിലേറ്റിയതായി ഈ മനുഷ്യാവകാശ സംഘടന സമര്‍ത്ഥിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ ആകെ വധിച്ചത് 1032 ആളുകളെ.എന്നാല്‍ ഇതില്‍ കൂടുതല്‍ നരഹത്യ നടത്തിയ ചൈനയില്‍ കൃത്യം കണക്ക് രഹസ്യമാക്കിവക്കുന്നതാണ് രാഷ്ട്രധര്‍മ്മം എന്ന വീക്ഷണമാണ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്!'' അതുപോലെ കഴിഞ്ഞവര്‍ഷം ഭാരതവും അമേരിക്കയും ജപ്പാനും ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസത്തെ മാര്‍ക്‌സിസ്റ്റ് നേതൃത്വം ശകാരിച്ചു. ചൈനയെ വലയം ചെയ്യാനും ക്ഷീണിപ്പിക്കാനുമുള്ള പദ്ധതിയാണിതെന്നും കുറ്റപ്പെടുത്തി. ശത്രുരാജ്യത്തിന്റെ േക്ഷമവും ഭദ്രതയുമാണ് നമ്മുടെ സഖാക്കള്‍ക്ക് പ്രധാനമെന്നു വിളംബരം ചെയ്ത പ്രതികരണമായിരുന്നു ഇത്. ഭാരതത്തെ കഴിയുന്ന വിധത്തിലെല്ലാം ചൈന ഉപദ്രവിക്കുന്നുണ്ട്. ചൈന-പാക്കിസ്ഥാന്‍ മൗത്ത്പീസ് എന്ന് ബിജെപി വക്താവ് അര്‍ത്ഥഗര്‍ഭമായി വിശേഷിപ്പിച്ച സിപിഎമ്മിന്റെ കേരളത്തിലെ നേതാവ് കോടിയേരി ബാലകൃഷ്ണനും 'അഖിലേന്ത്യാ നേതാവ്' പ്രകാശ് കാരാട്ടുമാണ് ഇതിലെ പ്രധാന വേഷക്കാര്‍. ചൈനീസ് ആക്രമണകാലത്ത് മുറിവേറ്റ ഭാരതസൈനികര്‍ക്ക് രക്തം നല്‍കുന്നതില്‍നിന്നു പാര്‍ട്ടി അണികളെ വിലക്കിയ പാരമ്പര്യമാകുന്ന മൂലധനം കയ്യിലുള്ളവരാണിവര്‍. ആളുകളെ അന്യായമായി വെടിവെച്ചുകൊല്ലുകയും സ്ത്രീകളെ കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന പ്രാകൃതമാണ് ഭാരത സൈന്യത്തിനുള്ളതെന്നാണ് കോടിയേരി സഖാവിന്റെ ആക്ഷേപം. യാഥാര്‍ത്ഥ്യത്തോടു നീതിപുലര്‍ത്തുന്ന ആക്ഷേപമാണോ ഇതെന്ന് ചിന്തിക്കേണ്ട ബാധ്യതയൊന്നും ഈ മാര്‍ക്‌സിസ്റ്റിനില്ല. പക്ഷെ വിഷയം പാക്ക് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏറ്റുപിടിച്ചു. കശ്മീരില്‍ നമ്മുടെ സൈന്യം അതിക്രമങ്ങള്‍ കാണിക്കുന്നതിന്റെ സാക്ഷിപത്രമായി കോടിയേരിയുടെ പ്രസ്താവന അവര്‍ ഉയര്‍ത്തിക്കാട്ടി. നാളെ അന്താരാഷ്ട്ര വേദികളിലും ഭാരതത്തിനെതിരായി പാക്കിസ്ഥാനിതു തുരുപ്പുചീട്ടാക്കിയേക്കും. കോടിയേരി ലക്ഷ്യമിട്ടതും ഇങ്ങനെയൊരു ഫലപ്രാപ്തിയാകാം. കശ്മീര്‍ താഴ്‌വരയില്‍ ഒരാളെ പട്ടാള ട്രക്കിന് മുന്നില്‍ കെട്ടിയിട്ട ഭാരതസൈനികോദ്യോഗസ്ഥന്റെ നടപടി ഗുരുതരമായ തെറ്റാണ്, അതിനെ ന്യായീകരിച്ച കരസേനാ മേധാവിയുടെ പ്രസ്താവന സൈന്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണ്, മോദിയുടെ ഹിതം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം എന്നെല്ലാമാണ് കാരാട്ട് എഴുതിയത്. പാര്‍ട്ടി ജിഹ്വയിലെ തന്റെ വരികള്‍ ഔദ്യോഗിക നിലപാടാണെന്ന് പെരിയ സഖാവ് വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം സൈനികരെ കല്ലെറിയുന്ന കശ്മീരികളെ ശത്രുക്കളായെന്ന വണ്ണം കണക്കാക്കരുത് എന്നൊരുപദേശവും. രാജ്യത്തോടു യുദ്ധംചെയ്യുന്നവരെ സഹായിക്കുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. ഇതിലും വലിയ ദേശദ്രോഹം വേറെയുണ്ടാകാനിടയില്ല. രാജ്യത്ത് മേല്‍വിലാസം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്ന മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വം, ചെയ്യുന്നതും മറ്റൊന്നല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.