ശ്രീവത്സം ഗ്രൂപ്പ്: സിപിഐയെ തള്ളി സിപിഎം

Wednesday 14 June 2017 8:55 pm IST

ആലപ്പുഴ: ആദായ നികുതി വകുപ്പ് കോടികളുടെ കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ടും സിപിഎം, സിപിഐഭിന്നത പരസ്യമായി. ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമിയിടപാടുകള്‍ക്ക് സഹായം നല്‍കിയത് ഒരു പ്രമുഖ യുഡിഎഫ് മന്ത്രിയാണെന്ന് കഴിഞ്ഞ ദിവസം സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചിരുന്നു. എന്നാല്‍, സിപിഐയുടെ അഭിപ്രായം തങ്ങള്‍ക്കില്ലെന്നും നാഗാലാന്‍ഡ് ബന്ധമുള്ള മറ്റൊരു കോണ്‍ഗ്രസ് മന്ത്രിയാണ് ശ്രീവത്സത്തെ സഹായിച്ചതുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറയുന്നത്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഈ നേതാവിന് നാഗാലാന്‍ഡ് ബന്ധമുണ്ട്. ശ്രീവത്സത്തിന്റെ എല്ലാ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കും നേതാവ് ഒത്താശ ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. സിപിഐയുടെ ആരോപണം തെളിയിക്കേണ്ടത് അവരാണെന്നും അതില്‍ അഭിപ്രായമില്ലെന്നും സജി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജിനായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എയും മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തലയെ ലക്ഷ്യമാക്കിയായിരുന്നു സിപിഐയും ശാസ്ത്ര സാഹിത്യ പരിഷത്തും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍, സിപിഎം നിശബ്ദത പാലിച്ചു. മെഡിക്കല്‍ കോളേജിന് ഭൂമി ഏറ്റെടുത്ത സംഭവത്തിലും ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുള്ളതായി ആഞ്ചലോസ് ആരോപിച്ചിരുന്നു. അതിനിടെ സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ക്കാണ് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുള്ളതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് എം. ലിജു രംഗത്തെത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഗ്രൂപ്പിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇടതു സര്‍ക്കാര്‍ അത് പുറത്തുവിടാനുള്ള തന്റേടം കാട്ടണമെന്നും ലിജു ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയാറായിരുന്നില്ല. രമേശ് ചെന്നിത്തല സിബിഐ അന്വേഷണം അവശ്യപ്പെട്ടത് നാഗാലാന്‍ഡ് ബന്ധമുള്ള മുന്‍ മന്ത്രി എ ഗ്രൂപ്പുകാരനായതിനാലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.