പാതയോരത്തെ മദ്യനിരോധനം; ഇളവു തേടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍

Wednesday 14 June 2017 9:29 pm IST

ന്യൂദല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ 500 മീറ്റര്‍ ദൂരേക്ക് മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് കേരളത്തിലെ ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ആല്‍ക്കഹോളിന്റെ അളവ് 12 ശതമാനത്തിലും കുറവായ ബിയറും വൈനും വില്‍ക്കുന്നതിനെ മദ്യശാല നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സംസ്ഥാനത്തെ 76 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജൂലൈയില്‍ കേസിലെ വാദം കേള്‍ക്കും. ദേശീയപാതയോരങ്ങളില്‍ 150 മുതല്‍ 350 മീറ്റര്‍ വരെ ദൂരപരിധികളില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലറുടമകളാണ് സുപ്രീംകോടതി ഉത്തരവില്‍ ഇളവ് തേടിയത്. ബിയറും വൈനും മാത്രം വില്‍ക്കാനുള്ള എഫ്എല്‍ 11 ലൈസന്‍സ് മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച് 31ന് ഒരുവര്‍ഷത്തേക്ക് കൂടി ലൈസന്‍സ് പുതുക്കി ലഭിച്ചവരാണ് ഹര്‍ജിക്കാര്‍. നിലവിലെ ബിയര്‍-വൈന്‍ സ്റ്റോക്കിന് മുടക്കിയ പണം ഉത്തരവ് നടപ്പാക്കുന്നതോടെ നഷ്ടമാകുമെന്നും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ഹര്‍ജിയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.