റബ്ബര്‍, നെല്‍കര്‍ഷകരുടെ അവസ്ഥ ദയനീയം വിലക്കയറ്റം രൂക്ഷം, അരിയ്ക്ക് 52 രൂപ

Wednesday 14 June 2017 9:37 pm IST

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനത്തിന്റെ നടുവൊടിയുന്നു. ഈ രീതിയില്‍ വിലക്കയറ്റമാണെങ്കില്‍ കര്‍ക്കടകമെത്തും മുമ്പേ നാട് വറുതിയിലാകും. ഒരു ഇടവേളയ്ക്ക് ശേഷം പുഞ്ചഅരിയുടെ ചില്ലറ വില കിലോയ്ക്ക് 52രൂപയായി. ജയ, സുരേഖ തുടങ്ങിയ ഇനങ്ങളുടെ വിലയും ഉയരുകയാണ്. ജയയ്ക്ക് കിലോയ്ക്ക് 42 രൂപയായി. വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും കനത്ത വേനല്‍ മൂലം കൃഷി്ക്കുണ്ടായ നഷ്ടമാണ് അരിവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. ഇതോടെ ആന്ധ്ര ലോബി അരി പിടിച്ച് വച്ച് വില ഉയര്‍ത്തുകയാണ്. അരിയ്ക്ക് മാത്രമല്ല ഉള്ളിയുടെ വിലയും പിടിച്ചാല്‍ കിട്ടാത്ത വിധത്തിലാണ് ഉയരുന്നത്. കിലോയ്ക്ക് 130 രൂപയ്ക്ക് മുകളില്‍ ചില്ലറ വിലയായി. സവോളയുടെ വിലയും ഇതനുസരിച്ച് ഉയരുകയാണ്. കിലോയ്ക്ക് 10 രൂപയില്‍ കിടന്ന സവോളയ്ക്ക് 15-20 രൂപ വരെയായി. പച്ചക്കറികളുടെ അവസ്ഥയും വ്യത്യസ്തമല്ല. മിക്ക പച്ചക്കറികള്‍ക്കും കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില. മഴക്കാലം തുടങ്ങിയതോടെ ഇനിയും വില ഉയരും. വില കുതിച്ച് ഉയരുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ജ്ജീവമാണ്. അരിയുടെ വില പിടിച്ച് നിര്‍ത്താന്‍ തുടങ്ങിയ അരിക്കടകള്‍ പലയിടത്തും ആളൊഴിഞ്ഞ പൂരപറമ്പ് പോലെയായി. പല കടകളിലും ആവശ്യത്തിന് സ്റ്റോക്കില്ല. മുന്‍ഗണനപട്ടിക തയ്യാറാക്കിയതിലെ അപാകം മൂലം ഒട്ടേറെ കുടുംബങ്ങള്‍ക്ക് റേഷനരിയ്ക്കുള്ള അര്‍ഹത നഷ്ടപ്പെട്ടിരുന്നു. ഇവര്‍ പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ഇങ്ങനെ പുറത്തായ പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്. അതേ സമയം അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ ആരംഭിച്ച അരിക്കടകള്‍ പലയിടത്തും നിര്‍ജീവമായി. പല കടകളിലും ആവശ്യത്തിന് സ്റ്റോക്ക്ില്ല. ഇത് മൂലം വിലക്കുറവ് പ്രതീക്ഷിച്ച് എത്തിയവര്‍ നിരാശയോടെ മടങ്ങുകയാണ്. പഞ്ചസാര, പരിപ്പിനങ്ങള്‍ എന്നിവയ്ക്കും വില ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന്റെ ലഭ്യത കുറയും. ഇതോടെ മത്സ്യങ്ങള്‍ക്കും വില കൂടും. വിലക്കയറ്റത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതനുഭവിക്കുന്നത് ജില്ലയിലെ റബ്ബര്‍, നെല്‍ കര്‍ഷകരാണ്. റബ്ബറിന് കിലോയ്ക്ക് 110 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലസ്ഥിരത ഫണ്ട് ഉപയോഗിച്ചുള്ള സഹായം കൂടി ഉണ്ടായിരുന്നുവെങ്കില്‍ കര്‍ഷകന് 150 രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ ഫണ്ട് ഉണ്ടോയെന്ന പോലും സംശയമാണെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്തമല്ല. നെല്ല് കൊടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും വില കിട്ടാതെ കര്‍ഷകര്‍ നട്ടം തിരിയുകയാണ്. ജി്ല്ലയിലെ കര്‍ഷകര്‍ക്ക് 70 കോടി രൂപയോളമാണ് ലഭിക്കാനുള്ളത്. ഇത് ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷിയ്ക്കുള്ള ഒരുക്കവും തുടങ്ങാനായിട്ടില്ല. വിദ്യാലയങ്ങള്‍ തുറന്നതോടെ കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി ദയനീയമായിരിക്കുകയാണ്.