നഗരത്തില്‍ രണ്ട് പേര്‍ക്ക് പന്നിപ്പനി

Wednesday 14 June 2017 9:41 pm IST

തൃശൂര്‍: ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് മാസത്തെ ഇടവേളയക്ക് ശേഷമാണ് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒല്ലൂക്കര, അവിണിശേരി എന്നിവിടങ്ങളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ബുധനാഴ്ച 9 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചൂണ്ടല്‍, അവിണിശേരി, കയ്പമംഗലം, ഒല്ലൂക്കര, പുത്തൂര്‍, ആളൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്ക് പുറമേ ജില്ലയില്‍ രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനിക്ക് പിന്നാലെ പന്നിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ മേയര്‍ ആരോഗ്യ വകുപ്പിന്റെയും, കൗണ്‍സിലര്‍മാരുടെയും അടിയന്തിര യോഗം വിളിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൗണ്‍സിലര്‍മാര്‍ക്കും, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.എല്ലാ ഡിവിഷനുകളിലും കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്തു. പകര്‍ച്ച വ്യാധികളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളും, രക്ത പരിശോധനാ സാമ്പിള്‍ റിപ്പോര്‍ട്ടും ഡി.എം.ഒ. ഓഫീസില്‍ അറിയിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.