താളം തെറ്റി വാട്ടര്‍ കിയോസ്‌ക് പദ്ധതി

Wednesday 14 June 2017 9:46 pm IST

വടക്കാഞ്ചേരി: വേനലിനെ നേരിടാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ആവിഷ്‌കരിച്ച വാട്ടര്‍ കിയോസ്‌ക് പദ്ധതി താളം തെറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ഭീമന്‍ വാട്ടര്‍ടാങ്കുകള്‍ നോക്കുകുത്തിയായി. മഴക്കാലമായതോടെ കിയോസ്‌കിന്റെ പരിസരത്തൊന്നും ആരും എത്തുന്നില്ല. ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ടാങ്കുകള്‍ സ്ഥാപിച്ചതു പോലുമില്ല. സ്ഥാപിച്ചവയില്‍ തന്നെ വെള്ളം പുറത്തേക്കെടുക്കുന്നതിനാവശ്യമായ പ്ലംബിംഗ് പ്രവര്‍ത്തികള്‍ ചെയ്തിട്ടുമില്ല. വേനല്‍ കഴിയാറയതോടെയാണ് പല പഞ്ചായത്തുകളും ഓര്‍ഡര്‍ നല്‍കിയത്. ഇവ എത്തുമ്പോഴേക്കും മഴ ശക്തമായി. വടക്കാഞ്ചാരി പഞ്ചായത്തില്‍ കിയോസ്‌കിനായി 2000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കുകളാണ് വാങ്ങിക്കൂട്ടിയത്. ഇതില്‍ 41 എണ്ണം ഡിവിഷനുകളിലേക്ക് വിതരണം ചെയ്തു. ബാക്കി ഒമ്പതെണ്ണം പാലസ് റോഡിലെ എന്‍പി സ്‌കൂളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ചിലത് കാണാതായെന്ന് പരാതിയുമുണ്ട്. കോടതിക്ക് പുറകില്‍ സ്ഥാപിച്ച കിയോസ്‌കില്‍ കഴിഞ്ഞ ദിവസമാണ് പൈപ്പ് സ്ഥാപിച്ചത്. നിലവിലെ കിണറിന് സമീപം തറ നിര്‍മിച്ച് ഇതിന് മുകളിലാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇതുവരെ ടാഘങ്കില്‍ വെള്ളം നിറച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ പെയ്തതോടെ പല തിയോസ്‌കുകളും കൊതുകിന്റേയും കൂത്താടിയുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.