യോഗ-പ്രകൃതി ചികിത്സാ കൗണ്‍സിലിന്റെ ബുക്ക്‌ലറ്റിനെ സര്‍ക്കാര്‍ ഉത്തരവാക്കി

Wednesday 14 June 2017 9:55 pm IST

ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്കുള്ള ആയുഷ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തകളെന്ന് ആയുഷ് മന്ത്രാലയം. നിര്‍ദ്ദേശങ്ങള്‍ 2013 മുതല്‍ പ്രചാരത്തിലുള്ളതാണെന്നും അടുത്തിടെ കേന്ദ്ര മന്ത്രി പുറത്തിറക്കിയതാണെന്ന വാര്‍ത്തകള്‍ വ്യാജപ്രചാരണമാണെന്നും ആയുഷ് മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ചുറോപതി (സിസിആര്‍വൈഎന്‍) ആണ് 'അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം' എന്ന പേരില്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ നിര്‍ദ്ദേശത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയായിരുന്നു മാധ്യമങ്ങള്‍. ഗര്‍ഭിണികള്‍ ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന പരാമര്‍ശം നിര്‍ദ്ദേശങ്ങളില്‍ ഒരിടത്തുമില്ല. യോഗയും പ്രകൃതി ചികിത്സയും അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപതി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇവ രണ്ടും മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് പിന്തുടരുന്നവര്‍ക്കുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. അല്ലാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതല്ല, മന്ത്രാലയം വിശദീകരിച്ചു. ആയുഷ് മന്ത്രാലയത്തിലെ വിശദീകരണത്തിലെ പ്രസക്ത ഭാഗങ്ങള്‍: യോഗ, പ്രകൃതി ചികിത്സ എന്നിവയിലെ അടിസ്ഥാന തത്വങ്ങളുടെയും ചികിത്സാ സംബന്ധമായ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് സിസിആര്‍വൈഎന്‍ നിര്‍ദ്ദേശം പുറത്തിറക്കിയത്. 2013 മുതല്‍ ഇത് വിതരണം ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് കേന്ദ്ര ആയുഷ് മന്ത്രിയാണ് നിര്‍ദ്ദേശങ്ങള്‍ പ്രകാശനം ചെയ്തതെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യോഗയും പ്രകൃതി ചികിത്സയും പിന്തുടരുന്ന ഗര്‍ഭിണികള്‍ക്കുള്ള പൊതുവായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചായ, കാപ്പി, എണ്ണപ്പലഹാരങ്ങള്‍, മാസാഹാരം തുടങ്ങിയവ ഒഴിവാക്കണം. ഇതില്‍ മറ്റുള്ളവ ഒഴിവാക്കി മാംസാഹാരം എന്നത് മാത്രം ചിലര്‍ എടുത്തുകാട്ടുകയായിരുന്നു. യോഗയും പ്രകൃതി ചികിത്സയും മാംസാഹാരം പ്രോത്സാഹിപ്പിക്കുന്നില്ല. ഗര്‍ഭിണികള്‍ ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതായ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ലൈംഗികത പാടില്ല എന്ന് നിര്‍ദ്ദേശങ്ങളില്‍ ഒരിടത്തും പറയുന്നില്ല. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ യോഗ അഭ്യസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യുമെന്ന് ലോകം അംഗീകരിച്ചതാണ്. മാധ്യമങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കണം. സിസിആര്‍വൈഎന്നിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യാപകമായ അഭിനന്ദനം ലഭിക്കാറുണ്ട്.