ബിജെപി നേതാവിന്റെ വീടിനുനേരെ സിപിഎം ബോംബേറ്

Wednesday 14 June 2017 10:00 pm IST

ബോംബേറില്‍ തകര്‍ന്ന രാമദാസ് മണലേരിയുടെ വീട്

വടകര: സര്‍വ്വകക്ഷി സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട്ട് വീണ്ടും സിപിഎം ബോംബാക്രമണം. ബിജെപി മേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ വീടിനുനേരെയാണ് സിപിഎമ്മുകാര്‍ ബോംബേറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാമദാസും ഭാര്യയും മകളും അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമിസംഘം വീടിനുനേരെ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബേറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ വാതിലുകളും ജനലുകളും പാടെ തകര്‍ന്നു. വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന രാമദാസും ഭാര്യയും അകത്ത് കയറി വാതില്‍ അടച്ചതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഉഗ്രസ്‌ഫോടനത്തില്‍ വീടിനകത്തുള്ള ഫര്‍ണിച്ചറുകളും അലമാരയും പൂര്‍ണ്ണമായും തകര്‍ന്നു.

കടമേരി, ആയഞ്ചേരി ഭാഗങ്ങളില്‍ ബിജെപി നേതാക്കള്‍ക്കുനേരെ സിപിഎം കൊലവിളി തുടരുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്റെ കടമേരിയിലെ വീടിനുനേരെ പെട്രോള്‍ ബോംബെറിയുകയും കരി ഓയില്‍ പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിനുനേരെ അക്രമമുണ്ടായത് ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രിയായിരുന്നു. പ്രാദേശിക ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നിരന്തരം അക്രമം അഴിച്ചുവിടുകയാണ്.

പ്രദേശത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം അക്രമികളെക്കുറിച്ച് പോലീസിന് അറിവുണ്ടെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അറസ്റ്റ്‌ചെയ്യാന്‍ തയ്യാറായിട്ടില്ല.
രാമദാസിന്റെ വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, സംസ്ഥാന സമിതി അംഗം എം. മോഹനന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.