നഗരസഭാ കോംപ്ലക്‌സ് ഉപയോഗ രഹിതമാകുന്നു

Wednesday 14 June 2017 9:58 pm IST

പാലാ: നഗരസഭ കോടികള്‍ കടമെടുത്ത് നിര്‍മ്മിച്ച മാര്‍ക്കറ്റ് കോംപ്ലക്‌സ് പ്രവര്‍ത്തനരഹിതമാകുന്നു. പാലാ-രാമപുരം റോഡില്‍ പത്ത് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്ന് നില മന്ദിരമാണ് പ്രവര്‍ത്തനരഹിതമായി മാറുന്നത്. മന്ദിരത്തിലെ മുറികള്‍ ലേലം ചെയ്തു നല്‍കുന്നതിലെ കാലതാമസമാണ് കെട്ടിടം അനാഥമാകുവാന്‍ കാരണം. സമീപകാലത്ത് താഴത്തെ നിലയിലെ ഏതാനും മുറികള്‍ ലേലം ചെയ്തു നല്‍കിയിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നഗരസഭയിലെ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ സമരരംഗത്തെത്തിയിരുന്നു. 20000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം സമീപകാലം വരെ സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. 73 മുറികളാണ് മന്ദിരത്തിലുള്ളത്. കമ്പനി നഗരസഭയ്ക്ക് കെട്ടിടം തിരികെ നല്‍കിയതിനെത്തുടര്‍ന്നാണ് മുറികള്‍ ലേലം ചെയ്യുവാന്‍ നീക്കം തുടങ്ങിയത്. നിലവില്‍ താഴത്തെ നിലയിലെ എട്ടു മുറികളാണ് വിവിധ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുന്നത്. മുകള്‍ നിലകളിലെ മുറികള്‍ വെറുതെ കിടക്കുകയാണ്. മുമ്പ് പാലായിലെ വിപണിയായി പ്രവര്‍ത്തിച്ചിരുന്നിടത്താണ് മന്ദിരം നിര്‍മ്മിച്ചത്. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്വകാര്യ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.