പരുന്തിന് മീതെ മെട്രോയും പറക്കില്ല

Wednesday 14 June 2017 10:02 pm IST

ന്യൂദല്‍ഹി: ബസും ട്രെയിനും മാത്രമല്ല, ചിലപ്പോള്‍ മെട്രോയും പണി തരും. കഴിഞ്ഞ ദിവസം കിട്ടിയ പണി ദല്‍ഹിക്കാര്‍ അടുത്തൊന്നും മറക്കാനിടയില്ല. ഏറ്റവുമധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വൈകുന്നേരത്ത് മൂന്ന് മണിക്കൂറിലേറെയാണ് മെട്രോ മുടങ്ങിയത്. ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിയതോടെ മെട്രോ സ്‌റ്റേഷനുകള്‍ നിറഞ്ഞുകവിഞ്ഞു. ഒരു പരുന്താണ് ഇതിനൊക്കെ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വെദ്യുതി വയറില്‍ പരുന്തിടിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി. വെദ്യുതി തടസ്സപ്പെട്ടതോടെ കുതിച്ചുപാഞ്ഞിരുന്ന വണ്ടികള്‍ ബ്രേക്കിട്ടു. യാത്രക്കാര്‍ പെരുവഴിയിലുമായി. ഇന്ദ്രപ്രസ്ഥ, യമുനാ ബാങ്ക് എന്നിവക്കിടയിലുള്ള വൈദ്യുതി ശൃംഘലയിലാണ് തടസ്സമുണ്ടായത്. നോയ്ഡ, വൈശാലി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തെ ഇത് ബാധിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മുതല്‍ എട്ട് മണി വരെയായിരുന്നു പ്രശ്‌നം. മെട്രോയില്‍ ഏറ്റവും തിരക്കനുഭവപ്പെടുന്ന സമയമാണിത്. സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാന്‍ പോലീസ് രംഗത്തിറങ്ങി. വലിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. സര്‍വ്വീസ് പുന:രാരംഭിച്ചിട്ടും തിരക്കൊഴിവാകാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. മെട്രോ ഉപേക്ഷിച്ച് ഓട്ടോ പിടിക്കാനിറങ്ങിയവരും ബുദ്ധിമുട്ടി. അപ്രതീക്ഷിതമായതിനാല്‍ ആവശ്യത്തിന് ഓട്ടോകളും ഉണ്ടായിരുന്നില്ല. ചിലര്‍ ഓഫീസുകളിലേക്ക് മടങ്ങിപ്പോയി. ഓണ്‍ലൈന്‍ ടാക്‌സികളും കുറവായിരുന്നു. അവസ്ഥ ഭീകരമായിരുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം. ദുരിതം മുതലെടുത്ത് ഓട്ടോ, ടാക്‌സികള്‍ കൊള്ളലാഭമുണ്ടാക്കുകയും ചെയ്തു.