ചരക്കുകപ്പല്‍ ഇടിച്ച സ്ഥലം; തീരദേശ പോലീസ് നാവിക സേനയുടെ സഹായം തേടി

Wednesday 14 June 2017 10:08 pm IST

കൊച്ചി: മത്സ്യബന്ധനബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ച സ്ഥലം കണ്ടെത്താന്‍ തീരദേശ പോലീസ് നാവിക സേനയുടെ സഹായം തേടി. അതേസമയം വിദേശ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കും. അപകടമുണ്ടാക്കിയ കപ്പലിന്റെ യാത്രാ പാത സംബന്ധിച്ച ജിപിഎസ് വിവരം നാവികസേനയുടെ കൈവശമുണ്ട്. ഇരുമ്പില്‍ നിര്‍മിച്ച മത്സ്യ ബന്ധന ബോട്ട് ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു. ഈ പ്രദേശത്ത് 40 മീറ്റര്‍ ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. നാവികസേനയുടെ സഹായത്തേടെ അപകടം നടന്ന പ്രദേശം കണ്ടെത്തിയാല്‍ കേസ്വനേഷണത്തിന് ഗുണകരമാകുമെന്ന് തീരദേശ പോലീസ് സിഐ ടി എം വര്‍ഗീസ് പറഞ്ഞു. ബോട്ട് നങ്കൂരമിട്ട സ്ഥലത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും ഇത് സഹായിക്കും. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെയും രേഖകളുടെയും പരിശോധന മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പരിശോധനാ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതിന് ശേഷമെ കേസിന്റെ മറ്റ് നടപടികള്‍ ആരംഭിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുറംകടലില്‍ ബര്‍ത്ത് ചെയ്തിരിക്കുന്ന ചരക്കുകപ്പല്‍ ആംബര്‍ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. വലിയ കപ്പലില്‍ നിറയെ വളമായതിനാല്‍ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാനാകില്ല. ഇവിടുത്തെ കപ്പല്‍ ചാലില്‍ ആംബര്‍ കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാനുള്ള സൗകര്യമില്ലെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടാക്കിയ കപ്പല്‍ തീരം വിടാതിരിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ നിരീക്ഷിക്കുന്നുണ്ട്. കപ്പലില്‍ ബുധനാഴ്ചയും മര്‍ക്കന്റൈല്‍ വിഭാഗം പരിശോധന നടത്തി. കടലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടില്‍ പനാമ രജിസ്‌ട്രേഷനുള്ള കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായ അസം സ്വദേശി മോദിദാസി (മൂര്‍ത്തി-25)നായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.