മഴ പെയ്താല്‍ പട്ടാമ്പിയില്‍ കാല്‍നട യാത്ര ദുരിതം

Wednesday 14 June 2017 10:07 pm IST

കൂറ്റനാട്: മഴ പെയ്താല്‍ പട്ടാമ്പി ടൗണില്‍ കാല്‍നട യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്നത് ദുരിതമാണ്. മേലെ പട്ടാമ്പി ഹൈസ്‌ക്കൂള്‍ റോഡിന്റെ ഇരുപുറവും, മേലെ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റ് പരിസരത്തുമാണ് കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനാവാത്ത വിധം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇവിടെ റോഡുകളുടെ സൈഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കുഴികള്‍ രൂപപ്പെട്ടതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. മേലെ പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികളും, വാഹനങ്ങളുടെ തിരക്കും കൂടി ആവുന്നതോടെ ഈ റോഡില്‍ വാഹന ഗതാഗതവും താറുമാറാവും. കല്‍പ്പക സ്ട്രീറ്റ് ഭാഗത്തും ഇതേ അവസ്ഥയാണ്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. ഇവിടങ്ങളില്‍ വാഹനങ്ങള്‍ സൈഡ് ഒരുക്കിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ട്.അതുകൊണ്ടു തന്നെ കാല്‍നടയാത്രക്കാര്‍ക്കൊപ്പം തന്നെ വാഹനയാത്രക്കാര്‍ക്കും ഗതാഗതകുരുക്കും മറ്റും വലിയ പ്രശ്‌നമായി മാറുന്നു. ടൗണിലെ പോലെ കാല്‍നടയാത്രക്കാര്‍ക്ക് നടന്ന് പോവാനുള്ള സൗകര്യം ഈ ഭാഗങ്ങളില്‍ ഒരുക്കുകയാണെങ്കില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഗുണകരമാവും.