കടുവകളെ കൂട്ടിലടയ്ക്കാന്‍ കോഹ്‌ലിക്കൂട്ടം

Wednesday 14 June 2017 10:18 pm IST

ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാമതായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലില്‍ എത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ തോറ്റു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞ ഇന്ത്യ രണ്ടാം കളിയില്‍ ശ്രീലങ്കയോടാണ് അടിയറവു പറഞ്ഞത്. അതേസമയം ബംഗ്ലാദേശ് ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും മറികടന്നാണ് അവസാന നാലില്‍ എത്തിയത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റുതുടങ്ങിയ ബംഗ്ലാദേശിന്റെ ഒാസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. നിര്‍ണായകമായ മൂന്നാം കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്. ആദ്യമായാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കുതന്നെയാണ്. ബംഗ്ലാദേശിനെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിങ്-ബൗളിങ് നിര ഇന്ത്യക്ക് സ്വന്തം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ്മ മികച്ച ഫോമില്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി കൂട്ടുകെട്ട് ഇവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മക്ക് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും നേടിയ അര്‍ദ്ധസെഞ്ചുറികള്‍ താരത്തിന് ആത്മവിശ്വാസമേകും. ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം ടൂര്‍ണമെന്റില്‍ 271 റണ്‍സുമായി ധവാനാണ് റണ്‍ വേട്ടയില്‍ ഒന്നാമത്. ഇവര്‍ക്കു പുറമെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, യുവരാജ്, ധോണി എന്നിവരും മികച്ച ഫോമിലാണ്. ഇതിന് പുറമെയാണ് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്പാണ്ഡ്യയുടെ സാന്നിധ്യം. ബൗളിങ് നിരയും അതിശക്തം. ശ്രീലങ്കക്കെതിരെ ബൗളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനമാണ് നടത്തിയത്. ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പേസര്‍മാര്‍. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഇന്നും ഉമേഷ് പുറത്തിരിക്കാനാണ് സാധ്യത. പകരം ആര്‍. അശ്വിന്‍ ഇറങ്ങിയേക്കും. മറുവശത്ത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയിട്ടുള്ളതെങ്കിലും അവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയയുടെ രണ്ട് കൡകള്‍ മഴയില്‍ ഒലിച്ചുപോയതും അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതുമാണ് ബംഗ്ലാദേശിനെ ആദ്യമായി സെമിയിലേക്ക് നയിച്ചത്. മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ഓപ്പണര്‍ തമിം ഇഖ്ബാല്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും നേടി മികച്ച ഫോമിലാണ്. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തകര്‍പ്പന്‍ സെഞ്ചുറികളുമായി കളംനിറഞ്ഞ ഷാക്കിബ് അല്‍ ഹസ്സനും മഹ്മദുള്ളയും ഫോമിലേക്കുയര്‍ന്നു. എന്നാല്‍ സൗമ്യ സര്‍ക്കാറും, സാബിര്‍ റഹ്മാനും മുഷ്ഫിഖര്‍ റഹിമും ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. മഷ്‌റഫെ മൊര്‍താസയാണ് പേസര്‍മാരിലെ പ്രധാനി. ഒപ്പം തസ്‌കിന്‍ അഹമ്മദും മുസ്താഫിസുര്‍ റഹ്മാനും റൂബല്‍ ഹസ്സനും മികച്ച ബൗളര്‍മാരാണ്. മൊസാഡെക് ഹസ്സനും ഷാക്കിബുമാണ് സ്പിന്നര്‍മാര്‍. എന്നാല്‍ ഒടുവില്‍ കളിച്ച അഞ്ചെണ്ണത്തില്‍ കൂടുതല്‍ വിജയം ബംഗ്ലാദേശിനാണ്. മൂന്നെണ്ണം ബംഗ്ലാദേശ് നേടിയപ്പോള്‍ ഇന്ത്യന്‍ വിജയം രണ്ടില്‍ ഒതുങ്ങി. തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇന്ത്യയും ആദ്യ ഫൈനലിന് ബംഗ്ലാദേശും കച്ചമുറുക്കുമ്പോള്‍ പോരാട്ടം ആവേശകരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.