ഹോക്കി ലോക ലീഗ്: ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലന്‍ഡിനെ നേരിടും

Wednesday 14 June 2017 10:21 pm IST

ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ഇന്ന് ദുര്‍ബ്ബലരായ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ ശക്തരായ നെതര്‍ലന്‍ഡുമായി മാറ്റുരയ്ക്കും. ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലാണ് മത്സരിക്കുന്നത്.ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, കാനഡ ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് എയില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീന, ആതിഥേയരായ ഇംഗ്ലണ്ട്, കൊറിയ, ചൈന, മലേഷ്യ ടീമുകള്‍ കളിക്കും. 17 ന് ഇന്ത്യ കാനഡയെയും 18 ന് പാക്കിസ്ഥാനെയും എതിരിടും. ലോക നാലാം നമ്പറായ നെതര്‍ലന്‍ഡും ആറാം റാങ്കുകാരായ ഇന്ത്യയും തമ്മിലുളള പോരാട്ടം 20 ന് നടക്കും. ശക്തമായ ടീമിനെയാണ് ഇന്ത്യ കളിക്കളത്തിലിറക്കുന്നത്. പരിക്കേറ്റ സ്ഥിരം ക്യാപറ്റന്‍ പി.ആര്‍. ശ്രീജേഷിന്റെ അഭാവത്തില്‍ മധ്യനിരക്കാരന്‍ മന്‍പ്രീത് സിങ്ങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ലോക ഹോക്കിയില്‍ ഏറെ പിന്നില്‍പോയ ഇന്ത്യയ്ക്ക് പ്രതാപം വീണ്ടെടുക്കാനുളള അവസരമാണിത്. ലോക ഹോക്കി ലീഗ് ഫൈനല്‍സിനും2018 ലെ ലോകകപ്പിനും മുമ്പ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് ശക്തിയാര്‍ജ്ജിക്കാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. ലോകകപ്പും ലോക ഹോക്കി ലീഗ് ഫൈനല്‍സും ഇന്ത്യയിലെ ഭുവനേശ്വറിലാണ് നടക്കുന്നത്. ആതിഥേയരായതിനാല്‍ ഇന്ത്യയ്ക്ക് രണ്ട് ടൂര്‍ണമെന്റിലും മത്സരിക്കാന്‍ അവസരം ലഭിക്കും. ലണ്ടന്‍, ജോഹന്നസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന ഹോക്കി ലോക ലീഗ് സെമിഫൈനല്‍സില്‍ നിന്ന് പത്തു ടീമുകളും അഞ്ച് കോണ്ടിനെന്റല്‍ ചാമ്പ്യന്മാരും ഇന്ത്യയും 2018 ലെ ലോക കപ്പില്‍ മത്സരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.