ഇംഗ്ലണ്ടിന് തോല്‍വി; ഫ്രാന്‍സിനോട് തോറ്റത് 3-2ന്

Wednesday 14 June 2017 10:28 pm IST

പാരീസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനോടാണ് പരാജയപ്പെട്ടത്. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകളും നേടിയത് ഹാരി കെയ്‌നാണ്. ഫ്രാന്‍സിനായി സാമുവല്‍ ഉമിറ്റി, സിഡിബെ, ഡെംബെലെ എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ 47-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. 2012 നവംബറിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വഴങ്ങുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനായിരുന്നെങ്കിലും കൂടുതല്‍ തവണ ഗോളിലേക്ക് ലക്ഷ്യം വെച്ച് ഷോട്ടുകള്‍ ഉതിര്‍ത്തത് ഫ്രാന്‍സാണ്. അവര്‍ ആകെ പായിച്ച 15 ഷോട്ടുകളില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ മൂന്നെണ്ണമാണ് വലയിലെത്തിയത്. അതേസമയം ഇംഗ്ലണ്ടിന് മൂന്ന് ഷോട്ടുകള്‍ മാത്രേമ ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാനായുള്ളൂ. മറ്റൊരു മത്സരത്തില്‍ കൊളംബിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കാമറൂണിനെ തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ പെറു 3-1ന് ജമൈക്കയെയും ഇക്വഡോര്‍ 3-0ന് എല്‍സാല്‍വഡോറിനെയും തകര്‍ത്തു. അതേസമയം കരുത്തരായ സ്വീഡനെ 1-1ന് നോര്‍വേ സമനിലയില്‍ തളച്ചു. മറ്റ് മത്സരങ്ങളില്‍ റുമാനിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 2-1ന് സാംബിയയോടും തോറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.