ബഹുനില കെട്ടിടം അഗ്നിഗോപുരമായി; നിരവധി പേര്‍ കൊല്ലപ്പെട്ടു

Wednesday 14 June 2017 10:59 pm IST

ലണ്ടന്‍: തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ ആഘാതത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ലാത്ത ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച് വന്‍ തീപ്പിടിത്തം. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നോട്ടിങ് ഹില്‍ പ്രദേശത്തെ ബഹുനിലക്കെട്ടിടം അക്ഷരാര്‍ഥത്തില്‍ അഗ്നിഗോപുരമായി മാറി. പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈ 24 നില കെട്ടിടത്തിനു തീപ്പിടിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷവും കെട്ടിടം നിന്നു കത്തുകയാണ്. ഈ കെട്ടിടസമുച്ചയത്തില്‍ 200 പേര്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ക്കു പരിക്കേറ്റെന്നോ കൃത്യമായി വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തീ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ പാതി വിജയമെങ്കിലും കണ്ടാലേ ഇത്തരം കാര്യത്തില്‍ പരിശോധന സാധ്യമാവൂ എന്ന നിലപാടിലാണ് പോലീസും അഗ്നിശമന സേനയും. നോട്ടിങ് ഹില്ലിലെ ലാറ്റിമെര്‍ റോഡില്‍ ഗ്രോന്‍ഫെല്‍ ടവര്‍ എന്നു പേരുള്ള കെട്ടിടമാണ് ലണ്ടന്‍ നഗരത്തിന്റെ ചരിത്രത്തിലൊന്നും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അഗ്നിക്കിരയായത്. രണ്ടാം നിലയുടെ മുകളില്‍ നിന്നാണ് കത്തിത്തുടങ്ങിയത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. ഓരോ നിലയ്ക്കും തീപിടിച്ചു. കെട്ടിടം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലായി. അഗ്നിശമന സേനയുടെ നാല്‍പ്പതു യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നത്. നൂറു കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ജീവന്മരണ പോരാട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ അഞ്ച് ആശുപത്രികളിലായി 64 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ച് തെളിച്ച് സഹായം അഭ്യര്‍ഥിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഇലക്ട്രോണിക് സാധനങ്ങള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്കു വീഴുന്നുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.